ശ്വേത മേനോന് എതിരായ കേസ്….ഹൈക്കോടതി തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത്…
കൊച്ചി: ശ്വേത മേനോന് എതിരായ കേസിന്‍റെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് കേരള ഹൈക്കോടതി. കേസിനെ പറ്റി കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ലെന്ന് കോടതി പറഞ്ഞു. എറണാകുളം സി.ജെ.എമ്മിനോട് കോടതി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹർജി കിട്ടിയ ശേഷം പൊലീസിന് കൈമാറും മുമ്പ് സ്വീകരിച്ച തുടർനടപടികൾ അറിയിക്കണമെന്നും അന്വേഷണം നടത്തുന്ന സെൻട്രൽ പൊലീസും റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ശ്വേതാ മേനോൻ ഇന്ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നാണ് ശ്വേതയ്ക്ക് എതിരായ പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലായിരുന്നു കേസ് എടുത്തത്. ഐടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. എന്നാല്‍ ശ്വേത മേനോന്‍ അഭിനയിച്ച മലയാള ചിത്രങ്ങളും ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യവുമാണ് പരാതിക്കാരന്‍ കേസിനായി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പാലേരിമാണിക്യം. രതിനിര്‍വേദം, ശ്വേത മേനോന്‍റെ പ്രസവം ചിത്രീകരിച്ച ബ്ലെസി ചിത്രം കളിമണ്ണ്, ഒപ്പം ഒരു ഗര്‍ഭനിരോധന ഉറയുടെ പരസ്യചിത്രവുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്.