ആലപ്പുഴയിൽ സിപിഐഎം നേതാവും കുടുംബവും സഞ്ചരിച്ച കാര്‍ കത്തിനശിച്ചു

എരമല്ലൂരില്‍ സിപിഐഎം നേതാവും കുടുംബവും സഞ്ചരിച്ച കാര്‍ കത്തിനശിച്ചു. യാത്രക്കാര്‍ ഉടന്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും കെഎസ്ഡിപി ചെയര്‍മാനുമായ സി ബി ചന്ദ്രബാബുവും കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്. ദേശീയപാത എരമല്ലൂര്‍ തെക്ക് കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രി 10.30 നാണ് സംഭവം. തുറവൂരിലെ മരണവീട്ടില്‍പ്പോയശേഷം അരൂരിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.
ഓട്ടത്തിനിടെ വാഹനത്തിന് തീപിടിച്ചു. കാര്‍ കത്തിയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതതടസ്സമുണ്ടായി. കാര്‍ കത്തിയതിന് സമീപത്തെ ട്രാന്‍സ്‌ഫോര്‍മര്‍ കെഎസ്ഇബി അധികൃതര്‍ ഓഫാക്കിയതിനാല്‍ വന്‍അപകടം ഒഴിവായി. അഗ്നിരക്ഷാസേനയും അരൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.



