കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം…ഡിഎൻഎ പരിശോധനയിൽ നിര്‍ണായക വിവരം…

തിരുവനന്തപുരം:തിരുവനന്തപുരം കരകുളം പിഎ അസീസ് എന്‍ജിനീയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിനുള്ളിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഡിഎന്‍എ പരിശോധന ഫലം പുറത്ത്. മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം കോളേജ് ഉടമയായ ഇഎം താഹയുടേത് തന്നെയാണെന്നാണ് ഡിഎൻഎ പരിശോധന ഫലം. ഡിഎൻഎ പരിശോധന ഫലം ഇഎം താഹയുടെ കുടുംബത്തിന് പൊലീസ് കൈമാറി.
ഇക്കഴിഞ്ഞ ഡിസംബര്‍ 31നാണ് കോളേജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു. 60 കോടിയോളം രൂപയുടെ നികുതി ബാധ്യത താഹയ്ക്ക് ഉണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. മരിച്ചത് ഇഎം താഹ തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ മോര്‍ച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഞായറാഴ്ച കോളേജിൽ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കൊല്ലം പള്ളിമുക്കിൽ ഖബറടക്കം നടക്കും.

Related Articles

Back to top button