മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി…

കൊച്ചി: എറണാകുളം പിറവം രാമമംഗലത്ത് മൂവാറ്റുപുഴയാറിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയതായി വിവരം. കൂടാതെ, ചോറ്റാനിക്കര സ്വദേശിയായ ആൽബിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. വയനാട് മാനന്തവാടി സ്വദേശിയായ അർജുന്റെ മൃതദേഹം ഇന്ന് ഫയർഫോഴ്‌സ് നടത്തിയ പരിശോധനകൊടുവിൽ കണ്ടെത്തി. അപകടം ഇന്നലെ ഉച്ചയോടെയാണ് ഉണ്ടായത്. മൂവാറ്റുപുഴ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ മൂന്ന് യുവാക്കളാണ് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയത്. ഇവരിൽ രണ്ടു പേർ ഒഴുക്കിൽപ്പെട്ടിരുന്നു.
ഇന്നലെ വൈകിയും തെരച്ചിൽ നടത്തിയെങ്കിലും അർജുന്റെ മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒഴുക്കിൽപെട്ട ആ സ്ഥലത്ത് വെച്ച് തന്നെയാണ് ഉച്ചയോട് കൂടി മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കോളേജിൽ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. കൊച്ചി സ്വദേശിയായ യുവാവിനൊപ്പമാണ് ഇവർ കുളിക്കാനെത്തിയത്. കൊച്ചി സ്വദേശിയായ യുവാവ് തന്നെയാണ് ഇവർ ഒഴുക്കിൽപെട്ട വിവരം തൊട്ടടുത്ത ഫയർഫോഴ്സ് ഓഫീസിൽ അറിയിച്ചത്. പിറവത്തുനിന്നുള്ള ഫയർഫോഴ്സ് സംഘവും സ്കൂബ ടീമുമാണ് തെരച്ചിൽ നടത്തിയത്.



