ഇംപീച്ച്‌മെന്റിന് തൊട്ടുമുമ്പ് രാജി… അഴിമതി ആരോപണത്തിൽ മുങ്ങിയ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു

ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. കൈക്കൂലിക്കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം അദ്ദേഹത്തോട് രാജിവെക്കാൻ നിർദ്ദേശിച്ചിരുന്നു. 

2025 മാർച്ചിൽ ഹോളി ദിനത്തിൽ ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ ഒരു തീപിടിത്തമാണ് അഴിമതിയുടെ ചുരുളഴിച്ചത്. തീ അണയ്ക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വസതിയിൽ നിന്ന് 15 കോടി രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെത്തുകയായിരുന്നു. കത്തിക്കരിഞ്ഞ നിലയിലുള്ള നോട്ടുകളുടെ ദൃശ്യങ്ങളും വീഡിയോയും ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ സുപ്രീം കോടതിക്ക് കൈമാറിയിരുന്നു.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നിയോഗിച്ച മൂന്നംഗ ആഭ്യന്തര സമിതി, ജസ്റ്റിസ് വർമ്മയ്‌ക്കെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് അദ്ദേഹത്തെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയെങ്കിലും രാജി വെക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഇദ്ദേഹത്തെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറിലധികം ലോക്‌സഭാ അംഗങ്ങൾ ഒപ്പിട്ട പ്രമേയം പാർലമെന്റിൽ അവതരിപ്പിച്ചു. ജഡ്ജസ് എൻക്വയറി ആക്ട് പ്രകാരം അന്വേഷണ സമിതിയെ സ്പീക്കർ ചുമതലപ്പെടുത്തുകയും ചെയ്തു.

ഭരണഘടനയനുസരിച്ചുള്ള ഇംപീച്ച്‌മെന്റ് നടപടികൾ പൂർത്തിയാകുന്നതിന് തൊട്ടുമുമ്പാണ് ഇപ്പോൾ അദ്ദേഹം രാജി സമർപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ തന്നെ അപൂർവ്വമായ ഒരു സംഭവത്തിനാണ് ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ രാജിയോടെ സാക്ഷ്യം വഹിച്ചിരിക്കുന്നത്.

Related Articles

Back to top button