നാടിനെ കണ്ണീരിലാഴ്ത്തി അവർ യാത്രയായി… അവസാനയാത്ര…
മാവേലിക്കര- ഇടുക്കി പുല്ലുപാറയിൽ കെ.എസ്.ആർ.ടി.സി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. തട്ടാരമ്പലം മറ്റം തെക്ക് സോമസദനത്തിൽ സംഗീത് സോമന്റെ മൃതദേഹം രാവിലെയും പല്ലാരിമംഗലം കോട്ടയ്ക്കകത്ത് തെക്കതിൽ മോഹനൻ നായരുടെ ഭാര്യ രമാ മോഹന്റെ സംസ്കാരം വൈകിട്ടും നടന്നു. രണ്ട് വീടുകളിലും ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പക്കാനെത്തിയത്. നിലവിളികൾ തളംകെട്ടിയ അന്തരീക്ഷത്തിൽ ശരീരങ്ങൾ അഗ്നിയിൽ ലയിച്ചു.
സംഗീത് സോമന് (43) വൻ ജനാവലി യാത്രാമൊഴി നൽകി. യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന സംഗീതിന്റെ അവസാനയാത്ര പ്രീയപ്പെട്ടവരുടെ തകർന്ന ഹൃദയത്തോടെയുള്ള കരച്ചിലിൽ നാടിന്റെ വേദനയായി മാറി. ഭാര്യ ഹരിതഹരിയും മക്കള്‍ സൗരഭും സിദ്ധാര്‍ത്ഥും അമ്മ വിജയകുമാരിയും. അന്ത്യകര്‍മങ്ങള്‍ക്കായി മൃതദേഹം പുറത്തേക്ക് എടുത്തതോടെ ‘കൊണ്ടുപോകല്ലേ’ എന്ന് പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. മസ്തിഷ്‌കാഘാതത്തില്‍ തളര്‍ന്നു കിടക്കുന്ന പിതാവ് സോമനാഥന്‍ പിള്ള അവസാനമായി മകനെ ഒരുനോക്കു കാണാന്‍ പോലുമാകാതെ കണ്ണീരോടെ കിടന്നു.
ഒരോ യാത്ര കഴിഞ്ഞ് എത്തുമ്പോളും വിശേഷങ്ങള്‍ പറയാറുള്ള അച്ഛന്റെ ചേതനയറ്റ ശരീരത്തിന് അടുത്ത് നിന്നുകൊണ്ട് സൗരഭും സിദ്ധാര്‍ത്ഥും കണ്ണീരോടെയാണ് അന്ത്യകര്‍മങ്ങള്‍ ചെയ്തത്. ഇന്ന് രാവിലെ പതിനൊന്നോടെ മൂത്തമകൻ സൗരഭാണ് ചിതയ്ക്ക് തീ കൊളുത്തിയത്.
കെ.എസ്.ആര്‍.ടി.സി ബജറ്റ് യാത്രകളിലെ സ്ഥിരം യാത്രക്കാരായിരുന്നു കൃഷ്ണനുണ്ണിത്താനും ഭാര്യ ബിന്ദു നാരായണനും. എന്നും കൂടെയുണ്ടായിരുന്ന പ്രീയതമയുടെ മരണം കൃഷ്ണനുണ്ണിത്താന് ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. അപകടത്തിന് തൊട്ടുമുമ്പുവരെ തൊട്ടടുത്തുണ്ടിയിരുന്നവൾ പെട്ടന്ന് ലോകത്ത് നിന്ന് തന്നെ യാത്രയായപ്പോൾ അവസാനയാത്ര കാണാനുള്ള മനക്കരുത്ത് ഇല്ലാതെ കരഞ്ഞു തളര്‍ന്ന കണ്ണുകളുമായി മുറിക്കുള്ളില്‍ ഇരിക്കുകയായിരുന്നു മാവേലിക്കര കൗസ്തുഭത്തില്‍ ജി.കൃഷ്ണനുണ്ണിത്താന്‍. അന്ത്യകര്‍മങ്ങള്‍ക്കിടെ മക്കൾ വാവിട്ട് നിലവിളിച്ചപ്പോൾ കൃഷ്ണനുണ്ണിത്താന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീര്‍ ഇറ്റുവീണുകൊണ്ടിരുന്നു.ബിന്ദുവിന്റെ വേടാർപാടിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും കൃഷ്ണനുണ്ണിത്താന്‍ മോചിതനായിട്ടില്ല.
മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ 11 മണിയോടെയാണ് വീട്ടില്‍ എത്തിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. പെണ്‍മക്കള്‍ ദേവീ കൃഷ്ണനും ദീപ കൃഷ്ണനും നിറമിഴികളോടെ അമ്മയ്ക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്തു. രണ്ടരയോടെ ദേവീകൃഷ്ണ ചിതയിലേക്ക് അഗ്നി പകര്‍ന്നു.
അപകടത്തിൽ മരിച്ച മറ്റം വടക്ക് കാർത്തികയിൽ അരുൺ ഹരിയുടെ സംസ്കാരം നാളെ ഉച്ചക്ക് 2നും പല്ലാരിമംഗലം കോട്ടയ്ക്കകത്ത് തെക്കതിൽ മോഹനൻ നായരുടെ ഭാര്യ രമാ മോഹന്റെ സംസ്കാരം വൈകിട്ട് 3നും നടക്കും.