ബത്തേരിയിൽ കടയുടെ മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് ഞൊടിയിടയിൽ കാണാനില്ല….മോഷ്ടാവ് പിടിയിൽ

വയനാട്ടിൽ കടയുടെ മുൻപിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച് കർണാടകയിലേക്ക് കടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക കൗദള്ളി മുസ്ലിം ബ്ലാക്ക്‌സ്ട്രീറ്റ് ഇമ്രാൻ ഖാനെയാണ് ബത്തേരി പൊലീസ് കൗദള്ളിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഈ മാസം നാലാം തീയതി രാത്രിയോടെയാണ് ബത്തേരി കോട്ടക്കുന്നിലെ ഫുഡ് പോയിന്‍റ് എന്ന കടയുടെ മുന്നിൽ വെച്ചിരുന്ന സ്‌പ്ലെണ്ടർ ബൈക്ക് മോഷണം പോയത്.

80,000 രൂപ വില വരുന്നതായിരുന്നു മോഷണം പോയ ബൈക്ക്. ബൈക്ക് മോഷണം പോയതോടെ ഉടമ പൊലീസിൽ പരാതി നൽകി. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പിന്നീട് ഇയാളെ തേടി അന്വേഷണ സംഘം കർണാടകയിലെത്തി. ഇവിടെ നിന്നും പ്രതിയെയും ബൈക്കും കസ്റ്റഡിയിലെടുക്കുകയായിരുന്നു. എസ്.ഐ അബ്ദുൽ റസാഖ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ രജീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ അജിത്‌, പ്രിവിൻ ഫ്രാൻസിസ്, ഡ്രൈവർ ലബ്‌നാസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button