വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചു

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ചു. പ്രസന്നൻ എന്നയാളുടെ ബൈക്കാണ് കത്തിച്ചത്. പ്രസന്നന്റെ നേതൃത്വത്തിൽ ആയിരുന്നു ഇന്നലെ വി കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയത്. നിലവില്‍ ബൈക്ക് കത്തിച്ചതിനെതിരെ പ്രസന്നൻ പരാതി നൽകിയിട്ടുണ്ടെങ്കിലും ആർക്കെതിരെയും ആരോപണം ഉയർത്തിയിട്ടില്ല. ഇന്ന് രാവിലെയാണ് ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയതെന്നും, പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും പ്രസന്നൻ പറഞ്ഞു. സിസിടിവികൾ അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം നടത്തും. അതേസമയം ഇന്നാണ് വി കുഞ്ഞികൃഷ്ണൻ വിഷയത്തിൽ പയ്യന്നൂർ ഏരിയ കമ്മിറ്റി യോഗം ചേരുക.
‘പാര്‍ട്ടി ഫണ്ട് മുക്കിയവര്‍ക്ക് മാപ്പില്ല, മധുസൂദനന് മാപ്പില്ല’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു കഴിഞ്ഞ ദിവസം പ്രകടനം നടന്നത്. ഇവര്‍ കുഞ്ഞികൃഷ്ണന് രക്തഹാരവും അണിയിച്ചു. കണ്ണൂര്‍ ജില്ലാസെക്രട്ടറി കെ കെ രാഗേഷ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വി കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത് ഔദ്യോഗികമായി അറിയിച്ചത്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എങ്ങനെ ആയിക്കൂടാ എന്ന അവസ്ഥയിലാണ് കുഞ്ഞികൃഷ്ണന്‍ ഇപ്പോഴുളളതെന്നും പാര്‍ട്ടിയെ പിന്നില്‍ നിന്നും കുത്തിയെന്നും വഞ്ചിച്ചെന്നും കെ കെ രാഗേഷ് പറഞ്ഞു.
പുറത്താക്കലിന് പിന്നാലെ വി കുഞ്ഞികൃഷ്ണനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പ്രകടനം നടത്തുകയും, പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് കുഞ്ഞികൃഷ്ണന്‍ വീട്ടിലുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം രാവിലെ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലായിരുന്നു വി കുഞ്ഞികൃഷ്ണനെ സിപിഐഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.




