അടിസ്ഥാന ശമ്പളം 40,000 രൂപയാക്കണം…സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ പണിമുടക്ക് ശക്തം

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാർ പണിമുടക്കുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ്റെ (യുഎൻഎ) നേതൃത്വത്തിൽ നടക്കുന്ന സമരത്തിൻ്റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ കൂറ്റൻ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഏകദേശം 490-ഓളം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരാണ് ഈ പണിമുടക്കിൽ പങ്കെടുക്കുന്നത്. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ ആരോഗ്യ മേഖലയിലെ പ്രവർത്തനം ഭാഗികമായി തടസ്സപ്പെട്ടു.

അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയർത്തുക എന്നതാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യം. കൂടാതെ ആരോഗ്യ മേഖലയിലെ കരാർ
നിയമനങ്ങൾ നിർത്തലാക്കുക, ഡോ. ബൽറാം കമ്മിറ്റി, ജഗദീഷ് പ്രസാദ് കമ്മിറ്റി എന്നിവരുടെ റിപ്പോർട്ടുകൾ പൂർണ്ണമായും നടപ്പിലാക്കുക, ഷിഫ്റ്റ് സമ്പ്രദായം ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിക്കുന്നു. നഴ്‌സിങ് അധ്യാപകർക്ക് യുജിസി സ്കെയിൽ അനുവദിക്കണമെന്നും, ‘തുല്യ ജോലിക്ക് തുല്യ വേതനം’ എന്ന തത്വം എൻഎച്ച്എം, പാലിയേറ്റീവ് ജീവനക്കാർക്ക് ബാധകമാക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നുണ്ട്.

Related Articles

Back to top button