പീച്ചി പൊലീസ് സ്റ്റേഷനിലെ മർദ്ദനം….സിഐ പി എം രതീഷിനെതിരെ നടപടിക്ക് തീരുമാനം…
തൃശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനില്‍ ഹോട്ടല്‍ ഉടമയെയും മകനെയും മര്‍ദ്ദിച്ച സംഭവത്തില്‍ സിഐ പി എം രതീഷിനെതിരെ നടപടിക്ക് തീരുമാനം. രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ദക്ഷിണ മേഖല ഐ ജി ശ്യാം സുന്ദറാണ് നോട്ടീസ് നല്‍കിയത്. പതിനഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിര്‍ദേശം. വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. എഎസ്പി ശശിധരന്റെ അന്വേഷത്തില്‍ രതീഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ നടപടിയുണ്ടായിരുന്നില്ല. നിലവില്‍ കടവന്ത്ര എസ്എച്ച്ഒയാണ് രതീഷ്.
2023 മെയ് 24നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പട്ടിക്കാട് സ്ഥിതി ചെയ്യുന്ന ലാലീസ് ഹോട്ടലിന്റെ ഉടമ കെ പി ഔസേപ്പ്, മകന്‍ പോള്‍ ജോസഫ്, ഹോട്ടല്‍ മാനേജര്‍ റോണി ജോണ്‍ എന്നിവരെയായിരുന്നു അന്ന് പീച്ചി എസ്‌ഐ ആയിരുന്ന രതീഷ് മര്‍ദ്ദിച്ചത്. സംഭവ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ പാലക്കാട് വണ്ടാഴി സ്വദേശി ദിനേശ് ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
ദിനേശന്റെ സഹോദരീപുത്രന് ബിരിയാണി ഇഷ്ടപ്പെടാത്തതും ഇത് ചോദ്യം ചെയ്തതുമാണ് തര്‍ക്കത്തില്‍ കലാശിച്ചത്. തര്‍ക്കം രൂക്ഷമായതോടെ ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയില്ല. ഇതോടെ റോണിയും ഡ്രൈവര്‍ ലിതിന്‍ ഫിലിപ്പും പീച്ചി പൊലീസ് സ്റ്റേഷനില്‍ എത്തി നേരിട്ട് പരാതി നല്‍കി. ഈ സമയം ദിനേശും സ്റ്റേഷനില്‍ ഉണ്ടായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചു എന്നായിരുന്നു ദിനേശിന്റെ പരാതി. ഇതോടെ റോണിയെയും ലിതിനെയും എസ്‌ഐയായിരുന്ന രതീഷ് തടഞ്ഞുവെയ്ക്കുകയും ഫ്‌ളാസ്‌ക് ഉപയോഗിച്ച് അടിക്കാന്‍ ഓങ്ങുകയും ചെയ്തു.