കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം.. അനുരാഗിനെ നിയമിക്കാമെന്ന് ഹൈക്കോടതി..
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനത്തില്‍ ചേര്‍ത്തല സ്വദേശി അനുരാഗിന്‍റെ നിയമനവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിരിക്കുകയാണ്. കഴകം നിയമനം പാരമ്പര്യാവകാശമെന്ന തെക്കേവാര്യം കുടംബത്തിന്‍റെ വാദം നിലനിന്നില്ല. അവകാശവാദം സിവില്‍ കോടതിയില്‍ ഉന്നയിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മാലക്കഴകത്തിന് പാരമ്പര്യാവകാശം ഉന്നയിച്ച് തെക്കേവാര്യം കുടുംബാംഗം നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. ഊഴമനുസരിച്ച് നിയമനം ലഭിക്കേണ്ടത് ഈഴവ സമുദായത്തിനാണ്. ആദ്യം നിയമനം നടത്തിയത് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ ഈഴവ സമുദായാംഗമായ ബാലുവിനെയാണ്. ബാലുവിന്‍റെ നിയമനം വിവാദമായിരുന്നു.
ക്ഷേത്രത്തില്‍ കഴകം തസ്തികയില്‍ കഴിഞ്ഞ ഫെബ്രുവരി 24 ന് നിയമിച്ചത് തിരുവനന്തപുരം ആര്യനാട് സ്വദേശി ബിഎ ബാലുവിനെ ദേവസ്വം നിയമിച്ചതില്‍ എതിര്‍പ്പുകൾ ഉയരുകയും വിഷയം വിവാദമാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉൾപ്പെടെ ഇടപെടുകയും സ്വമേധയ കേസെടുക്കുകയും ചെയ്തിരുന്നു. ബാലുവിനെ കഴകം ചുമതലയില്‍ നിന്ന് മാറ്റിയത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പിന്നാക്ക ക്ഷേമ വിഭാഗ മന്ത്രി അപ്പോൾ തന്നെ പ്രതികരിച്ചിരുന്നു. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കഴകം പ്രവർത്തിക്കായി നിയമിച്ച യുവാവിനെ ഈഴവനായതിന്റെ പേരിൽ ഓഫീസ് ജോലികളിലേക്ക് മാറ്റുകയായിരുന്നു. തന്ത്രിമാരുടെ എതിര്‍പ്പിനെത്തുടര്‍ന്നായിരുന്നു ഇത്. ജാതിവിവേചനത്തില്‍ വിയോജിപ്പുമായി തന്ത്രിമാരിലൊള്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമനം ലഭിച്ച തിരുവനന്തപുരം സ്വദേശി ബാലു ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴക പ്രവൃത്തിക്കാരനായി ചുമതലയേറ്റത് മുതലാണ് തന്ത്രിമാരുടെ പ്രതിഷേധം ആരംഭിച്ചത്. ബാലു ഈഴവ സമുദായംഗമായതിനാല്‍ അന്നുമുതല്‍ തന്ത്രിമാര്‍ ക്ഷേത്ര ചടങ്ങുകളില്‍ നിന്ന് വിട്ടുനിന്നു പിന്നീട് ബാലുവിനെ ഓഫീസ് ജോലികളിലേക്ക് മാറ്റുകയും ചെയ്തു പിന്നാലെ ബാലു ഏഴു ദിവസത്തെ അവധിയിൽ പോയി. ബാലുവിനെ പിന്തുണച്ച് തന്ത്രിമാരിലൊരാളായ വെളുത്തേടത്ത് തരണനെല്ലൂര്‍ പടിഞ്ഞാറെ മനയിലെ അനിപ്രകാശ് രംഗത്തുവരകയും ചെയ്തു.