ബാങ്കില്‍ നിന്ന് വായ്പയെടുത്ത തുക തിരിച്ചടക്കാൻ ശേഷിയുണ്ടായിട്ടും അടച്ചില്ല…പണി കൊടുത്ത് കോടതി…

ബാങ്കില്‍ നിന്ന് വായ്പയെടുത്ത തുക തിരിച്ചടക്കാത്തയാള്‍ക്ക് പണി കൊടുത്ത് കോടതി. ബാങ്കിനെ കബളിപ്പിക്കുകയും കോതിയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്ത ഗൃഹനാഥന് കോടതി തടവ് ശിക്ഷ വിധിച്ചു. കോഴിക്കോട് നാദാപുരം തൂണേരി സ്വദേശി വേറ്റുമ്മല്‍ പൂവിന്റവിട ബാലനെയാണ് കല്ലാച്ചി മുന്‍സിഫ് കോടതി ജഡ്ജി യദുകൃഷ്ണ തടവ് ശിക്ഷക്ക് വിധിച്ചത്. സാമ്പത്തിക ഭദ്രത ഉണ്ടായിയിട്ടും കോടതിയെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് നടപടി.

ഇരിങ്ങണ്ണൂര്‍ സഹകരണ ബാങ്കില്‍ നിന്നാണ് ബാലന്‍ ലോണ്‍ എടുത്തിരുന്നത്. എന്നാൽ വായ്പ കൃത്യമായി തിരിച്ചടച്ചില്ല. ഇതിന്റെ മുതലും പലിശയും എല്ലാം ചേര്‍ത്ത് തിരിച്ചടവായി 3,06,000 രൂപ ബാങ്കില്‍ അടക്കാനുണ്ടായിരുന്നു. എന്നാല്‍ പണം അടയ്ക്കാന്‍ ബാലന്‍ തയ്യാറായില്ല. കേസ് കോടതി കയറിയതിനെ തുടര്‍ന്ന് ഇത്രയും തുക അടയ്ക്കാന്‍ ഇയാള്‍ക്ക് ശേഷിയുണ്ടെന്ന് കഴിഞ്ഞ ഏപ്രിലില്‍ കോടതി കണ്ടെത്തിയിരുന്നു.

തുടർന്ന് ലോൺ തുക തിരിച്ചടക്കാൻ കോടതി നിർദ്ദേശിച്ചു. മൂന്ന് തവണ ഇതിനായി ഇളവും അനുവദിച്ച് നല്‍കി. എന്നാല്‍ ഇതെല്ലാം അവഗണിച്ച് പണം അടയ്ക്കുന്നതില്‍ ബാലൻ വീണ്ടും വീഴ്ച വരുത്തുകയായിരുന്നു. ഇതോടെയാണ് കോടതി ഗൃഹനാഥനെ തടവ് ശിക്ഷക്ക് വിധിച്ചത്. ലോണ്‍ തിരിച്ചടക്കുന്ന സമയത്ത് ബാലന് മോചിതനാകാമെന്ന് ബാങ്കിന് വേണ്ടി കോടതിയില്‍ ഹാജരായ അഡ്വ. സിആര്‍ ബിജു പറഞ്ഞു.

Related Articles

Back to top button