31 വർഷമായി ഒളിവിൽ കഴിഞ്ഞ അമ്പലപ്പുഴ സ്വദേശിയായ പ്രതി റിമാന്റിൽ
അമ്പലപ്പുഴ: 1994 ൽ പുന്നപ്ര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെ പ്രതിയായ പുന്നപ്ര തെക്ക് പഞ്ചായത്ത് ചൂണ്ടാണിശ്ശേരി വീട്ടിൽ വർഗീസിനെ ( 61) ആണ് പുന്നപ്ര പൊലീസ് പിടികൂടിയത്. മരണപ്പെട്ട സ്റ്റീഫനും പ്രതികളായ മൂന്നുപേരും സുഹൃത്തുക്കളായിരുന്നു. ഇവർ മൂന്നുപേരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന സമയം സ്റ്റീഫൻ പ്രതികളെ ചീത്ത വിളിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് പ്രതികൾ 1994 ആഗസ്റ്റ് 5 ന് വൈകിട്ട് സ്റ്റീഫനെ ആക്രമിക്കുകയായിരുന്നു. പരിക്ക് പറ്റിയ സ്റ്റീഫൻ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ചു. തുടർന്ന് രണ്ടു മൂന്നും പ്രതികളായ പുന്നപ്ര തെക്ക് പഞ്ചായത്ത് പടിഞ്ഞാറേകര വീട്ടിൽ മൈക്കിൾ, പുന്നപ്ര തെക്ക് പഞ്ചായത്ത് പടിഞ്ഞാറേകര വീട്ടിൽ ഫ്രാൻസിസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിതിരുന്നു.
അതേസമയം ഒന്നാം പ്രതിയായ വർഗീസ് പൊലീസിന് പിടികൊടുക്കാതെ ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ പോയ വർഗീസ് വയനാട്ടിലേക്ക് പോവുകയും അവിടെ തോട്ടം തൊഴിലാളിയായി ജോലി നോക്കുകയും ചെയ്തു . അതിനുശേഷം കേരളത്തിലെ വിവിധ ജില്ലകളിൽ ഒളിവിൽ പോയ ശേഷം എറണാകുളത്തു വന്നു. ഈ സമയങ്ങളിൽ പോലീസിന്റെ അറസ്റ്റ് ഭയന്ന് പ്രതി വീട്ടുകാരുമായി ബന്ധം പുലർത്താതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. മൊബൈൽ ഫോണും വ്യക്തമായ ഐഡന്റിറ്റിയോ ഇല്ലാതെ രഹസ്യമായി പല ജില്ലകളിലാണ് ഇയാൾ താമസിച്ചിരുന്നത്. തുടർന്ന് എറണാകുളത്ത് താമസിച്ചുവരവെ ഇയാൾക്ക് ഒരു അപകടം പറ്റുകയും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആവുകയും ചെയ്തു. കോട്ടയത്തെ ചികിത്സ പൂർത്തിയായ ശേഷം തമിഴ്നാട്ടിലേക്ക് കടന്ന ഇയാൾ പിന്നീട് ആലപ്പുഴയിൽ എത്തിച്ചേർന്നു. ഇയാളെ കണ്ടെത്തുന്നതിനായി പുന്നപ്ര എസ് .ഐ അരുണിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സീനിയർ സി. പി. ഒമാരായ അമർജ്യോതി, രതീഷ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം ആണ് ആലപ്പുഴ വണ്ടാനം ഭാഗത്ത് നിന്നും ലോട്ടറി കച്ചവടം നടത്തി വരവെ ഇയാളെ കണ്ടെത്തിയത്.