കോൺഗ്രസിന്‍റെ രക്തം സിരകളിൽ ഓടുന്ന ഒരാളും ഇന്ദിരാ ഗാന്ധിയെ വിമർശിക്കില്ല..പാർട്ടി പുറത്താക്കണമെന്ന് തരൂർ ആഗ്രഹിക്കുന്നു..

തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ കടുത്ത വിമർശനവുമായി രാജ്മോഹൻ ഉണ്ണിത്താൻ. കോൺഗ്രസിന്‍റെ രക്തം സിരകളിൽ ഓടുന്ന ഒരാളും ഇന്ദിരാ ഗാന്ധിയെ വിമർശിക്കാൻ തയാറാകില്ലെന്ന് കാസര്‍കോട് എംപിയായി രാജ്മോഹൻ ഉണ്ണിത്താൻ തുറന്നടിച്ചു. കോൺഗ്രസിന്‍റെ ദോഷൈകദൃക്കുകൾ അല്ലാതെ മറ്റാരും ശശി തരൂരിനെ പിന്തുണയ്ക്കില്ല. കോൺഗ്രസ് പാർട്ടിയെ കൊണ്ട് നേടാവുന്നതെല്ലാം ശശി തരൂർ നേടിയിട്ടുണ്ട്. പാർട്ടി പുറത്താക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു

ശശി തരൂർ ചെയുന്നത് എല്ലാം പാർട്ടിക്ക് ദോഷകരമായ കാര്യങ്ങളാണ്. കോൺഗ്രസിന്‍റെ ഭാഗമല്ലാതെ എന്തെങ്കിലും നേടാൻ ഉണ്ടോ എന്നാണ് അദ്ദേഹം ഇപ്പോൾ ചിന്തിക്കുന്നത്. കോൺഗ്രസ് തകർന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് തരൂരിന് ഒപ്പമുള്ളത്. പാർലമെന്‍ററി പാർട്ടി യോഗം ഇക്കാര്യം ചർച്ച ചെയ്യും. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശത്തെ കുറിച്ചും രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു. എന്ത് എപ്പോൾ എവിടെ എങ്ങനെ പറയണമെന്ന് രാഹുൽ ഗാന്ധിക്ക് കൃത്യമായ ധാരണയുണ്ടെന്നാണ് കാസര്‍കോട് എംപി വ്യക്തമാക്കിയത്.

ഇതിനിടെ അടിയന്തരാവസ്ഥ ലേഖന വിവാദത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി രംഗത്ത് വന്നിരുന്നു. ​ഗാന്ധി കുടുംബത്തിനെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും വിമർശിക്കുന്നത് തന്നെ വായിക്കാത്തവരാണെന്നും തരൂർ പറഞ്ഞു. 1997ൽ താൻ എഴുതിയത് തന്നെയാണ് ഇത്തവണയും എഴുതിയത്. നടന്ന ചില സംഭവങ്ങളെക്കുറിച്ചും അതിൽ ഉൾപ്പെട്ട ചില വ്യക്തികളെക്കുറിച്ചും ആണ് ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളതെന്നും ശശി തരൂർ വിശദമാക്കി. സർവേ വിവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് സർവേ നടത്തിയവരോട് ചോദിക്കണമെന്നായിരുന്നു തരൂരിന്‍റെ പ്രതികരണം. സർവ്വേക്കുറിച്ച് താൻ അറിഞ്ഞുവെന്നും അത്രയേ ഉള്ളൂവെന്നും തരൂർ കൂട്ടിച്ചേർത്തു

Related Articles

Back to top button