ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് കാർ വന്നിടിച്ച് അപകടം; ക്ഷേത്ര മേല്‍ശാന്തി മരിച്ചു

കോഴിക്കോട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര മേല്‍ശാന്തി മരിച്ചു. ഇന്നോവ കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. കോഴിക്കോട് ഓമശ്ശേരി തറോല്‍ സ്വദേശിയുമായ കൊറ്റിവട്ടം ഇല്ലത്ത് ശ്രീധരന്‍ നമ്പൂതിരി (63) ആണ് മരിച്ചത്. തൃക്കളയൂര്‍ മഹാദേവ ക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു ശ്രീധരന്‍ നമ്പൂതിരി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. തലക്കേറ്റ ഗുരുതര മുറിവാണ് മരണകാരണം.

നെല്ലിക്കാപറമ്പ്-എയര്‍പോര്‍ട്ട് റോഡില്‍ വച്ച് ശ്രീധരന്‍ സഞ്ചരിച്ച ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് കാർ വന്നിടിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ വെളിയിൽ വന്നിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ശ്രീധരനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടിക്ക് ശേഷം വൈകീട്ടോടെ സംസ്‌കരിക്കും. ഭാര്യ: ഇന്ദിര. മക്കള്‍: ശ്രീരാജ്, ശ്രീഹരി.

Related Articles

Back to top button