ക്ഷേത്രം തിരുവാഭരണങ്ങൾ മോഷ്ടിച്ച് പണയം വെച്ചു; ശാന്തിക്കാരൻ അറസ്റ്റിൽ

മുരിങ്ങൂർ നരസിംഹ മൂർത്തി ക്ഷേത്രത്തിൽ വിഗ്രഹത്തിൽ ചാർത്തുന്നതിനായി സൂക്ഷിച്ചിരുന്ന 2 പവൻ 7 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച ശാന്തിക്കാരൻ പിടിയിൽ. കോഴിക്കോട് അഴീക്കോട് സ്വദേശി തേനായി വീട്ടിൽ അശ്വന്ത് (34) ആണ് അറസ്റ്റിലായത്.

2020 ഫെബ്രുവരി 2-ാം തിയ്യതിയാണ് പ്രതിയായ അശ്വന്ത് ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലിക്ക് കയറിയത്. അന്ന് മുതൽ ക്ഷേത്രം കമ്മിറ്റി പതിവ് പോലെ അശ്വന്തിനാണ് ശ്രീകോവിലിലെ വിഗ്രഹത്തിൽ ചാർത്തുന്നതിനുള്ള സ്വർണാഭരണങ്ങളുടെയും വെള്ളിപാത്രങ്ങളുടെയും ഓട്ട് പാത്രങ്ങളുടെയും ചുമതല നൽകിയിരുന്നത്. കമ്മിറ്റി അംഗങ്ങൾക്ക് ശ്രീകോവിലിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ ഇല്ലെന്ന് സംശയം തോന്നിയതിനെത്തുടർന്ന് അശ്വന്തിനോട് തിരുവാഭരണങ്ങൾ കാണിച്ച് തരാൻ ആവശ്യപ്പെട്ടു. എല്ലാ കമ്മറ്റി അംഗങ്ങളും വന്നാൽ മാത്രമേ കാണിക്കാനാകൂ എന്നായിരുന്നു മറുപടി.

എല്ലാവരും ചേർന്ന് ആവശ്യപ്പെട്ടപ്പോൾ കുറച്ച് സ്വർണാഭരണങ്ങൾ ചാലക്കുടിയിലെ ബാങ്കിൽ പണയം വെച്ചതായി അശ്വന്ത് പറഞ്ഞു. തുടർന്ന് കമ്മിറ്റി അംഗങ്ങളും ഭാരവാഹികളും ചേർന്ന് പരിശോധിച്ചപ്പോഴാണ് പത്ത് ഗ്രാം തൂക്കം വരുന്ന കാശ് മാല, ഏഴ് ഗ്രാം തൂക്കം വരുന്ന സ്വർണ്ണ വള, നാല് ഗ്രാം തൂക്കം വരുന്ന സ്വർണത്തിന്റെ മണിമാല, സ്വർണത്തിന്റെ രണ്ട് കണ്ണുകൾ, സ്വർണത്തിന്റെ നാല് പൊട്ടുകൾ എന്നിവ ശ്രീകോവിലിൽ നിന്ന് നഷ്ടപ്പെട്ടതായി മനസിലാക്കിയത്.

ഉടനെ തന്നെ കമ്മിറ്റിക്കാർ പൊലീസിനെ വിവരം അറിയിക്കുകയും അശ്വന്തിനെ കൊരട്ടി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. അശ്വന്ത് എറണാകുളം ഉദയം പേരൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു തട്ടിപ്പ് കേസിൽ പ്രതിയാണ്.

Related Articles

Back to top button