ക്ഷേത്ര ഭണ്ഡാരം തുറന്നപ്പോൾ 10,000 രൂപക്കൊപ്പം ഒരു കുറിപ്പും..കത്തിൽ പറഞ്ഞത്…

55 വർഷം മുമ്പ് ക്ഷേത്രത്തിൽ നിന്ന് എടുത്ത രണ്ട് രൂപയ്ക്ക് പ്രായശ്ചിത്തമായി ക്ഷേത്രത്തിൽ 10,000 രൂപ കാണിക്കയായി സമർപ്പിച്ച് ഭക്തൻ. ഈറോഡിലെ ചെല്ലാണ്ഡി അമ്മൻ ക്ഷേത്രത്തിലാണ് ഭക്തൻ രഹസ്യമായി ഈ തുക എത്തിച്ചത്. 1970ൽ ക്ഷേത്രപരിസരത്ത് നിന്ന് 2 രൂപ എടുത്തതിലുള്ള കുറ്റബോധമാണ് ഇത്രയും വലിയ തുക കാണിക്കയായി നൽകാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.

വെള്ളിയാഴ്ച ക്ഷേത്ര ഭണ്ഡാരത്തിൽ നിന്ന് പണവും അതിനോടൊപ്പമുള്ള കുറിപ്പും ക്ഷേത്ര ഭാരവാഹികൾ കണ്ടെത്തുകയായിരുന്നു. ‘അന്ന് ഉടമയെ തിരികെ ഏൽപ്പിക്കാൻ കഴിയാത്തതിനാൽ ഞാൻ പണം എടുത്തു. ഇപ്പോൾ, 55 വർഷങ്ങൾക്ക് ശേഷം, ഞാൻ അത് ക്ഷേത്രത്തിലേക്ക് തിരികെ നൽകിയിരിക്കുന്നു. ഞാൻ കണ്ടെത്തിയ 2 രൂപയ്ക്ക് പകരമായി 10,000 രൂപ സംഭാവന ചെയ്യുന്നു’ ഇങ്ങനെയാണ് ഭക്തൻ കുറിപ്പിൽ എഴുതിയിരുന്നത്. അമ്മപേട്ടയ്ക്കടുത്തുള്ള നെരഞ്ഞിപ്പേട്ടയിലുള്ള നൂറ്റാണ്ട് പഴക്കമുള്ള ഈ ക്ഷേത്രം ഹൈന്ദവ മത സ്ഥാപന എൻഡോവ്‌മെന്‍റ് വകുപ്പിന്‍റെ കീഴിലാണ് പ്രവർത്തിക്കുന്നത്.

കത്ത് എഴുതിയ വ്യക്തിയുടെ പേരും വിലാസവും കുറിപ്പിലുണ്ടായിരുന്നില്ലെന്ന് എച്ച്ആർ&സിഇ ഈറോഡ് ജില്ലാ ജോയിന്‍റ് കമ്മീഷണർ എ ടി പരംജ്യോതി പറഞ്ഞു. പണപ്പെരുപ്പം കണക്കിലെടുത്താൽ, 1970ലെ രണ്ട് രൂപ 2025ൽ ഏകദേശം 102 രൂപയ്ക്ക് തുല്യമാണ്.

Related Articles

Back to top button