കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ രണ്ടുദിവസം…..അടുത്ത ദിവസങ്ങളിൽ മലയോരമേഖലയിൽ ….
സംസ്ഥാനത്ത് തുലാവർഷ മഴ എത്തിയിട്ടും പകൽ സമയത്തെ ചൂട് സാധാരണയേക്കാൾ കൂടുന്നതായി കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ. കണക്കുകൾ പ്രകാരം കോഴിക്കോട് നഗരത്തിൽ കഴിഞ്ഞ രണ്ടുദിവസം പകൽ താപനില 35.6 ഡിഗ്രി സെൽഷ്യസായി ഉയർന്നിട്ടുണ്ട്. സാധാരണയിലും മൂന്ന് ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. .
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ സ്വയം നിയന്ത്രിത ചെറുകാലാവസ്ഥ കേന്ദ്രങ്ങളിൽ (എ.ഡബ്ല്യു.എസ്.) വെള്ളിയാഴ്ച ഇടുക്കി, വയനാട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒഴികെയുള്ള എല്ലാ ജില്ലകളിലും 35 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.
ശനിയാഴ്ച ഇടുക്കി, വയനാട്, കൊല്ലം ഒഴികെയുള്ള മറ്റു ജില്ലകളിൽ ഉയർന്ന ചൂട് 35-39 ഡിഗ്രി സെൽഷ്യസ് വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അടുത്ത ദിവസങ്ങളിൽ മലയോരമേഖലയിൽ ഒറ്റപ്പെട്ട മഴ തുടരും. ബംഗാൾ ഉൾക്കടലിലെ നിലവിലെ ചക്രവാതച്ചുഴി ന്യൂനമർദമായി മാറി നവംബർ പന്ത്രണ്ടോടെ തമിഴ്‌നാട് ശ്രീലങ്ക തീരത്തേക്ക് നീങ്ങുന്നതോടെ കേരളത്തിലും വീണ്ടും മഴ സജീവമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്‌ധൻ രാജീവൻ എരിക്കുളം അറിയിച്ചു.