കേരളത്തിൽ ചൂട് കുതിച്ചുയരുന്നു; വീണ്ടും മഞ്ഞ അലർട്ട്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് വീണ്ടും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ അധിക ചൂട് അനുഭവപ്പെടാനിടയുള്ളതിനാൽ വിവിധ ജില്ലകളിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ഇന്ന് പാലക്കാട് ജില്ലയിൽ താപനില 39°C വരെ ഉയരാൻ സാധ്യതയുണ്ട്. കൊല്ലം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ 37°C വരെയും, കോട്ടയം, ആലപ്പുഴ, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36°C വരെയും ഉയരാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകൾ ഒഴികെ മറ്റ് പ്രദേശങ്ങളിൽ കടുത്ത ചൂടും അസ്വസ്ഥതയും അനുഭവപ്പെടും.
രാവിലെ 10 മുതൽ ഉച്ചയ്ക്ക് 3 വരെ അൾട്രാവയലറ്റ് കിരണങ്ങളുടെ തീവ്രത കൂടുതലായിരിക്കുമെന്ന് മുന്നറിയിപ്പുണ്ട്. ഈ സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ നേരം ചെലവഴിക്കുന്നത് ഒഴിവാക്കണം. ദീർഘനേരം സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്ര പ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം.
പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവരും പ്രത്യേക ജാഗ്രത പാലിക്കണം. ചർമരോഗങ്ങളോ നേത്രരോഗങ്ങളോ ഉള്ളവർ, ക്യാൻസർ രോഗികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരും കൂടുതൽ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.




