‘നോക്കു, എന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ല’.. തേജസ്വിയെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ..
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി തയ്യാറാക്കായി കരട് വോട്ടർ പട്ടികയിൽ തന്റെ പേരില്ലെന്ന ആർജെഡി നേതാവും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവിന്റെ ആരോപണം. പിന്നാലെ തേജസ്വിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്ത്. 416ാം ക്രമ നമ്പറിൽ തേജസ്വിയുടെ പേര്, ഫോട്ടോ അടക്കമുള്ള വിവരങ്ങളെല്ലാം ഉൾപ്പെടുന്ന കരട് വോട്ടർ പട്ടികയുടെ പകർപ്പ് പുറത്തു വിട്ടാണ് കമ്മീഷൻ പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളിയത്. പട്ന ജില്ലാ ഭരണകൂടത്തിന്റെ എക്സ് പോസ്റ്റ് പങ്കിട്ടാണ് ബിഹാർ തെരഞ്ഞെടുപ്പ് കമ്മീഷൻ വിമർശനത്തിനു മറുപടി നൽകിയത്. തേജസ്വിയുടെ ആരോപണത്തെ പരിഹസിച്ച് ബിഹാർ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരിയും രംഗത്തെത്തി.
പത്രസമ്മേളനത്തിനിടെയാണ് തേജസ്വിയുടെ ആരോപണം. ഫോൺ വലിയ സ്ക്രീനുമായി ബന്ധിപ്പ്ച്ച ഇപിഐസി നമ്പർ ഉപയോഗിച്ചു പട്ടികയിൽ തേജസ്വി തന്റെ പേര് തിരയാൻ ശ്രമിച്ചെങ്കിലും രേഖകൾ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന സന്ദേശമാണ് അദ്ദേഹത്തിനു ലഭിച്ചത്. പിന്നാലെയാണ് അദ്ദേഹം വോട്ടർ പട്ടികയിൽ തന്റെ പേരിലെന്ന ആരോപണം ഉയർത്തിയത്.
‘നോക്കു, എന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നു എന്നെ അയോഗ്യനാക്കാനുള്ള നീക്കമാണിത്. ഒരുപക്ഷേ എന്നെ ഒരു പൗരനായി പോലും കണക്കാക്കാതെ ഈ വീട്ടിൽ താമസിക്കാനുള്ള അവകാശം നിഷേധിച്ചേക്കാം. കണക്കെടുപ്പ് ഫോമുമായി എന്റെ വീട്ടിൽ വന്ന ബൂത്ത് ലെവൽ ഓഫീസർ രസീതൊന്നും തന്നിട്ടില്ല. ഞങ്ങളെ പോലുള്ളവർക്ക് ഈ ഗതിയാണെങ്കിൽ സാധാരണക്കാരുടെ കാര്യം എന്തു പറയാനാണ്’- അദ്ദേഹം ആരോപിച്ചു.



