തേജസ് വിമാന ദുരന്തം.. വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാൻഡ‌ർ.. സ്ഥിരീകരിച്ച് വ്യോമസേന…

തേജസ് വിമാനദുരന്തത്തില്‍ വീരമൃത്യു വരിച്ചത് വ്യോമസേന വിംഗ് കമാൻഡ‌ർ നമൻഷ് സ്യാൽ. ഹിമാചൽ പ്രദേശ് കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ. ദുബായ് എയർഷോയ്ക്കിടെയുണ്ടായ അപകടത്തിലാണ് നമൻഷിന് ജീവൻ നഷ്ടമായത്. ദാരുണമായ സംഭവത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ ഉൾപ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം പങ്കു ചേരുന്നെന്ന് രാജ്നാഥ് സിങ്ങ് പ്രതികരിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമസേനയുടെ തേജസ് യുദ്ധവിമാനമാണ് തകര്‍ന്നുവീണത്. തുടർന്ന് ദുബൈ എയര്‍ഷോയില്‍ ഉച്ചകഴിഞ്ഞുള്ള പ്രദർശനം താൽക്കാലികമായി നിർത്തിവെച്ചു.

ഇന്ന് ഉച്ചയ്ക്ക് 2.10ഓടെ അല്‍ മക്തൂം വിമാനത്താവളത്തിലായിരുന്നു അപകടമുണ്ടായത്. ഒരു പൈലറ്റ് മാത്രമുള്ള ലൈറ്റ് കോംപാക്ട് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. സംഘമായുള്ള പ്രകടനത്തിന് ശേഷം ഒറ്റയ്ക്കുള്ള പ്രകടനം നടത്തുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നാലെ മരണം സംഭവിക്കുകയായിരുന്നു.

അപകടത്തിന്റെ കാരണം വ്യക്തമല്ല. ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്‍റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്‌സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016 ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്. ലോകത്തെ ഏറ്റവും പ്രധാന എയർഷോകളിലൊന്നാണ് ദുബൈ എയർഷോ. നവംബര്‍ 17നാണ് ദുബൈ എയർഷോക്ക് തുടക്കമായത്.

Related Articles

Back to top button