‘ചോറ് വാരിക്കൊടുത്ത് വളർത്തിയ കുട്ടികളുണ്ട്’.. ഈ മക്കളെ പഠിപ്പിക്കാൻ ‘നിർഭാഗ്യം’ കിട്ടിയ ടീച്ചറാണ്..’ ഓർമ്മകളിൽ വിതുമ്പി അധ്യാപകർ…
മാതാപിതാക്കളുടെ കൂടെ നില്‍ക്കുന്നതിനേക്കാള്‍ കുട്ടികള്‍ ഞങ്ങളുടെ കൂടെയായിരുന്നു ഉണ്ടായിരുന്നത്. അവരെയൊക്കെ പഠിപ്പിക്കാനുള്ള ‘നിര്‍ഭാഗ്യം’ കിട്ടിയ അധ്യാപികയാണ് ഞാന്‍’. ഉരുളെടുത്ത പ്രിയപ്പെട്ട കുട്ടികളെ ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കുകയാണ് വെള്ളാര്‍മല ജി.വി.എച്ച്.എസ്.എസിലെ അധ്യാപകര്‍. ദുരന്തത്തിന്‍റെ ഒരാണ്ട് പിന്നിടുന്ന ദിവസം കുട്ടികളുടെ ഓര്‍മകള്‍ക്ക് മുന്നില്‍ കണ്ണീര്‍ പൂക്കളര്‍പ്പിക്കാന്‍ പ്രിയപ്പെട്ട എല്ലാ അധ്യാപകരും എത്തിയിരുന്നു. തങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ആ കുഞ്ഞ് മക്കളുടെ ഫോട്ടോക്ക് മുന്നില്‍ പൂക്കളപ്പിക്കുമ്പോൾ പലരും വിങ്ങിപ്പൊട്ടി.
ക്ലാസെടുക്കുന്ന സമയത്ത് പ്രിയപ്പെട് കൂട്ടുകാരെ സഹപാഠികൾക്ക് ഇപ്പോഴു ഓർമ വരുമെന്നും അധ്യാപകർ പറയുന്നു. പിന്നെ കുറച്ച് നേരം ക്ലാസ് നിർത്തിവെക്കും.എങ്കിലും കുട്ടികളെല്ലാവരും ദുരന്തത്തിൽ നിന്ന് മുക്തരായി വരികയാണെന്നും അധ്യാപകർ പറയുന്നു.മറക്കാൻ പറ്റുന്നവരല്ല പോയതെന്ന് വെള്ളാര്‍മല സ്കൂളില്‍ ഒന്നരവർഷത്തോളം താൽക്കാലിക അധ്യാപകനായിരുന്ന ആദിൽ പറയുന്നു.ഒരിക്കലും ആഗ്രഹിക്കാത്ത രീതിയിലാണ് അന്ന് കുട്ടികളെ കണ്ടതെന്നും ആദിൽ പറയുന്നു.
തനിക്ക് നഷ്ടമായ പ്രിയ കുട്ടികളെ ഓർത്ത് വിതുമ്പുകയാണ് ഷബ്ന ടീച്ചർ. 13 വർഷത്തോളമായി ചൂരൽമലയിലെ വെള്ളാർമല സ്കൂളിൽ അധ്യാപികയാണ് ഷബ്ന. താൻ ചോറുവാരിക്കൊടുത്ത് വളർത്തിയ കുട്ടികളുണ്ടായിരുന്നു അക്കൂട്ടത്തിലെന്ന് ടീച്ചർ ഓർക്കുന്നു. തന്റെ കൈകളിലൂടെ കടന്നുപോയ കുട്ടികളാണെന്നും അവർ വിതുമ്പിക്കൊണ്ട് പറഞ്ഞു.മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതം ഇത്തരത്തിൽ പലർക്കും വേദനിക്കുന്ന ഓർമ്മകളാണ്. അനേകം മനുഷ്യരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഒരൊറ്റ രാത്രിയിൽ ഉരുൾ കവർന്നെടുത്തത്.
ബെയ്‌ലി പാലത്തിന് സമീപം ഒരുക്കിയ ദുരന്തത്തിൽ മരിച്ച കുട്ടികളുടെ ചിത്രങ്ങളിൽ അധ്യാപകർ അടക്കമുള്ളവർ പുഷ്പാഞ്ജലി നടത്തി. ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയും പുഷ്‌പാഞ്ജലി അർപ്പിക്കാനെത്തി.