കുട്ടികൾക്ക് പഠിക്കാനായി മൃഗത്തിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്നു.. അധ്യാപകനെതിരെ കേസ്…
ശരീരഘടന വിശദീകരിക്കുന്നതിനായി മൃഗത്തിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്നതിന് അധ്യാപകനെതിരെ കേസെടുത്തു. വികരാബാദ് ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെതിരെയാണ് ഗോവധ നിയമപ്രകാരം കേസെടുത്തത്. പശുവിന്റെ തലച്ചോറാണെന്ന് അധ്യാപകന്‍ പറഞ്ഞതായി കുട്ടികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് പ്രശ്നം ഗുരുതരമായത്.
എന്നാല്‍ പശുവിന്റേത് തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ഔദ്യോഗികമായി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തത്.ജൂണ്‍ 24നാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളെ തലച്ചോറ് കാണിച്ച് അധ്യാപകന്‍ ശരീരഘടനയെക്കുറിച്ച് വിശദീകരിച്ചത്.
സംഭവത്തില്‍ അഖില ഭാരതീയ വിദ്യാര്‍ദി പരിഷത്തും മറ്റ് ഗ്രൂപ്പുകളും പ്രതിഷേധവുമായി രംഗത്തെത്തി. അധ്യാപകന്‍ മതവികാരം വ്രണപ്പെടുത്തിയെന്നും നടപടിയെടുക്കണമെന്നും എബിവിപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ ഉദ്യോഗസ്ഥരുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണം നടക്കുകയാണ്.