പോക്‌സോ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞത് 60 ദിവസം; മൂന്നു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ അധ്യാപകനെ..

പോക്‌സോ കേസിൽ അറസ്റ്റിലായി മൂന്ന് വർഷത്തോളം നിയമനടപടികൾ നേരിട്ട അധ്യാപകനെ കോടതി കുറ്റവിമുക്തനാക്കി. തെക്കിൻ സ്വദേശിയായ ഗണേശനെയാണ് ഹോസ്ദുർഗ് പോക്‌സോ കോടതി വെറുതെവിട്ടത്. വിധി പ്രസ്താവിക്കുന്നതിനൊപ്പം തന്നെ കേസിലെ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകളുണ്ടായതായി കോടതി ചൂണ്ടിക്കാട്ടുകയും പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ശരിയായ അന്വേഷണം നടത്താതെയാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും, ലഭ്യമായ തെളിവുകൾ വിലയിരുത്തുന്നതിൽ അന്വേഷണ ഏജൻസി പരാജയപ്പെട്ടതായും കോടതി നിരീക്ഷിച്ചു.

പരവനടുക്കം മോഡൽ റെസിഡൻഷ്യൽ ഗേൾസ് സ്‌കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്നു ഗണേശൻ. മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഗണേശനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, സ്‌കൂളിലെ ഫണ്ടുമായി ബന്ധപ്പെട്ട അഴിമതികൾ പുറത്തുകൊണ്ടുവരാൻ ഗണേശൻ നൽകിയ പരാതിയുടെ പ്രതികാരമായാണ് തനിക്കെതിരെ വ്യാജ കേസ് ചുമത്തിയതെന്ന് അദ്ദേഹം നേരത്തെ തന്നെ ആരോപിച്ചിരുന്നു. കുട്ടികളെ ദുരുപയോഗം ചെയ്ത് ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

കേസുമായി ബന്ധപ്പെട്ട് ഗണേശൻ 60 ദിവസത്തോളം റിമാൻഡിൽ കഴിഞ്ഞിരുന്നു. വ്യാജ കേസിൽ കുടുങ്ങിയതിനെ തുടർന്ന് സാമൂഹികമായി ഒറ്റപ്പെടേണ്ടിവന്നതായും, ഗുരുതരമായ മാനസിക സമ്മർദ്ദം നേരിട്ടതായും അദ്ദേഹം പ്രതികരിച്ചു. അന്വേഷണത്തിലെ വീഴ്ചകൾ വ്യക്തമായ സാഹചര്യത്തിലാണ് പ്രതിയെ കുറ്റവിമുക്തനാക്കുന്നതെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button