‘അപമാനഭാരത്താല്‍ തല കുനിയുന്നു, അവള് നേരിട്ടത് ഓര്‍ത്ത് എന്റെ ഹൃദയം വെന്തുനീറുന്നു’….

നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതികള്‍ക്ക് നല്കിയ ശിക്ഷയെ മാതൃകാപരമെന്ന് ഒരിക്കലും പറയാനാകില്ലെന്നും അപമാനഭാരത്താല്‍ ഹൃദയം വെന്തുനീറുകയാണെന്നും അതിജീവിതയുടെ അഭിഭാഷക അഡ്വ. ടിബി മിനി. ശിക്ഷ മാതൃകാപരമെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞത് കൃത്യമായി കാര്യങ്ങള്‍ പരിശോധിക്കാതെയാണെന്നും അവർ പറഞ്ഞു.
കേസിന്റെ ഹിയറിങ് സമയത്ത് എന്താണ് പറയാനുള്ളതെന്ന് കോടതി തന്നോട് ചോദിച്ചിട്ടില്ലെന്നും തനിക്ക് ഒന്നും പറയാന്‍ അനുവാദമുണ്ടായിരുന്നില്ലെന്നും മിനി പറഞ്ഞു. അതിന്റെ പ്രതിഷേധമെന്ന നിലയിലാണ് താന്‍ ഇന്ന് കോടതിയില്‍ പോകാതിരുന്നതെന്നും അഡ്വ. മിനി വ്യക്തമാക്കി.അതിജീവിത എന്തുകൊണ്ടാണ് വനിതാ ജഡ്ജ് വേണമെന്ന ആവശ്യം പറഞ്ഞതെന്ന് മനസിലാക്കാന്‍ പോലും കോടതിയ്ക്ക് കഴിഞ്ഞില്ലെന്ന് അഡ്വ മിനി പറഞ്ഞു. അപമാനഭാരത്താല്‍ തല കുനിയുന്നുവെന്നും അവള് നേരിട്ടത് ഓര്‍ത്ത് ഹൃദയം വെന്തുനീറുന്നുവെന്നും മിനി പറഞ്ഞു. പ്രതികള്‍ തമ്മില്‍ ഗൂഢാലോചന നടത്തിയെങ്കിലും പ്രധാന ഗൂഢാലോചന പരിഗണിച്ചില്ല. തന്റെ തൊഴില്‍ ആവശ്യത്തിന് പുറപ്പെടുന്ന ഒരു യുവതിക്ക് ഇത്തരമൊരു ദുരനുഭവം ഉണ്ടായ കേസിന് സാമൂഹ്യപ്രസക്തിയില്ലെന്ന് പറയരുതെന്നും മിനി കൂട്ടിച്ചേര്‍ത്തു.
എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. കൂട്ട ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകല്‍ കുറ്റങ്ങള്‍ക്കുമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക ജയില്‍വാസം അനുഭവിക്കണം.




