പ്രണയവിവാഹത്തെച്ചൊല്ലി തർക്കം.. 16കാരനെ തട്ടിക്കൊണ്ടുപോയി.. എഡിജിപി കസ്റ്റഡിയിൽ.. എംഎൽഎയ്ക്ക് നോട്ടീസ്…
പ്രണയവിവാഹത്തിന് പിന്നാലെ 16കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എച്ച്.എം. ജയറാമിനെ തമിഴ്നാട്ടിൽ കസ്റ്റഡിയിലെടുത്തു. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് അറസ്റ്റ്. കേസിൽ എം.എൽ.എയും പുരട്ചി ഭാരതം പാർട്ടിയുടെ തലവനുമായ പൂവൈ ജഗൻ മൂർത്തിയോട് അന്വേഷണത്തിനായി പൊലീസിന് മുന്നിൽ ഹാജരാകാനും കോടതി നിർദേശിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയത് എഡിജിപിയുടെ കാറിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ…
തേനി സ്വദേശിയായ യുവതിയും തിരുവള്ളൂർ സ്വദേശിയായ 22 കാരനും തമ്മിലുള്ള പ്രണയവിവാഹത്തിന് പിന്നാലെയാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. യുവതിയുടെ വീട്ടുകാരെ എതിർപ്പിനെ മറികടന്ന് കഴിഞ്ഞമാസം ഇവർ വിവാഹിതരായി. യുവതിയുടെ പിതാവ് യുവാവിനെ തട്ടിക്കൊണ്ടുപോകാനായി പദ്ധതിയിട്ടിരുന്നു. എന്നാൽ ഇതിന് സാധിക്കാതെ വന്നതോടെ യുവാവിന്റെ സഹോദരനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സർവീസിൽ നിന്ന് പിരിച്ചുവിട്ട മുൻ പൊലീസ് കോൺസ്റ്റബിളായ മഹേശ്വരി,എംഎൽഎ ജഗൻ മൂർത്തി,എഡിജിപി ജയറാം എന്നിവരുടെ അറിവോടെയാണ് തട്ടിക്കൊണ്ടുപോകലെന്നാണ് പൊലീസ് പറയുന്നത്.അമ്മ പൊലീസിൽ പരാതി നൽകിയതോടെ 16കാരനെ വിട്ടയക്കുകയും ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയി വിട്ടയച്ചത് എഡിജിപി ജയറാമിന്റെ കാറിലായിരുന്നുവെന്ന് അന്വേഷണസംഘം പിന്നീട് കണ്ടെത്തുകയായിരുന്നു. പൊലീസ് വാഹനം ഓടിച്ചത് സർവീസിലുള്ള കോൺസ്റ്റബിളായിരുന്നുവെന്നും കാറിൽ എംഎൽഎയും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെ ചിഹ്നത്തിലാണ് ജഗമൂർത്തി വിജയിച്ചത്.