തളിപ്പറമ്പ് തീപ്പിടുത്തം….കണ്‍മുന്നില്‍ കത്തി ചാരമായത് ഒരു കോടിയുടെ നോട്ടുകള്‍…
കണ്ണൂര്‍ തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ തീപ്പിടുത്തതില്‍ വ്യാപാരത്തിലൂടെ ലഭിച്ച വിറ്റുവരവും സാധനങ്ങള്‍ ഇറക്കാന്‍ സ്വരുക്കൂട്ടിയ കാശും ഉള്‍പ്പടെ ഒരു കോടി വിലമതിക്കുന്ന നോട്ടുകളാണ് കത്തിയമര്‍ന്ന് ചാരമായത്.
എന്നാല്‍, ഈ വിയര്‍പ്പ് തുന്നിയുണ്ടാക്കിയ സമ്പാദ്യമൊക്കെ മുന്നില്‍ കത്തിയമരുന്നത് കണ്ടുനില്‍ക്കേണ്ട നിസഹായാവസ്ഥയിലായിരുന്നു വ്യാപാരികള്‍. തീ പടര്‍ന്നപ്പോൾ ജീവന്‍ രക്ഷിക്കാനുള്ള തത്രപ്പാടില്‍ എല്ലാം ഉപേക്ഷിച്ച് പുറത്തേക്ക് ഓടുകയായിരുന്നു അവര്‍. തുടര്‍ന്ന് ബക്കറ്റിലും പാത്രങ്ങളിലുമായി വെള്ളമെടുത്ത് വ്യാപാരികള്‍ തീ അണയ്ക്കാന്‍ ശ്രമിച്ചിരുന്നു.
ഒന്ന് മുതല്‍ മൂന്ന് ദിവസം വരെയുള്ള വിറ്റുവരവാണ് പല കടകളിലും ഉണ്ടായിരുന്നത്. തീപ്പിടുത്തത്തില്‍ ഇത്രയധികം നാശനഷ്ടമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് വ്യാപാരികള്‍ പറയുന്നു. വേഗം തീയണയ്ക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കളക്ഷന്‍ പണമൊന്നും വ്യാപാരികള്‍ എടുത്തുമാറ്റാഞ്ഞതെന്നും അവര്‍ പറയുന്നു.