രാജ്യത്തുടനീളമുള്ള വിവിധ പരിപാടികള്‍ക്കായി ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാൻ സൊമാറ്റോ…. ‘യെല്ലോ’ പരീക്ഷണത്തിന് ഒരുങ്ങി സ്വിഗ്ഗി ആപ്പ്….

ഫുഡ് ഡെലിവറി ഭീമൻമാരായ സ്വിഗ്ഗിയും സൊമാറ്റോയും തങ്ങളുടെ പ്രധാന ബിസിനസ്സിനപ്പുറം പുതിയ സേവനങ്ങളിലേക്ക് വൈവിധ്യവത്കരിക്കാൻ ശ്രമിക്കുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബംഗളൂരു ആസ്ഥാനമായുള്ള സ്വിഗ്ഗി ‘യെല്ലോ’ എന്ന പേരിൽ ഒരു പൈലറ്റ് പ്രോഗ്രാം ആരംഭിക്കും, ഇത് വഴി അഭിഭാഷകർ, തെറാപ്പിസ്റ്റുകൾ, ഫിറ്റ്‌നസ് പരിശീലകർ, ജ്യോതിഷികൾ, ഡയറ്റീഷ്യൻമാർ തുടങ്ങിയ പ്രൊഫഷണലുകളുടെ സേവനം ലഭ്യമാക്കും.

പുതിയ സേവനം ഒരു പ്രത്യേക ആപ്പായാണോ അതോ സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്സ് വിഭാഗം ആയ ഇന്‍സ്റ്റാമാര്‍ട്ടിന് സമാനമായി പ്രധാന പ്ലാറ്റ്ഫോമില്‍ തന്നെയായിരിക്കുമോ ലഭിക്കുക എന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നാണ് സൂചന. അഭിഭാഷകര്‍, ജ്യോതിഷികള്‍, എന്നിവര്‍ക്ക് പുറമേ തെറാപ്പിസ്റ്റുകള്‍, ഫിറ്റ്നസ് പരിശീലകര്‍, ഡയറ്റീഷ്യന്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകളുടെ സേവനങ്ങള്‍ കൂടി യെല്ലോ വഴി നല്‍കും. ഫോര്‍മുല 1 റേസുകള്‍, സംഗീത കച്ചേരികള്‍, ആര്‍ട്ട് എക്സിബിഷനുകള്‍ എന്നിവ പോലുള്ള ഉയര്‍ന്ന നിലവാരമുള്ള പരിപാടികളിലേക്ക് പ്രവേശനം നല്‍കുന്ന റെയര്‍ എന്ന പേരില്‍ ഒരു പ്രീമിയം അംഗത്വ സേവനവും സ്വിഗ്ഗി പരീക്ഷിക്കുന്നുണ്ട്. വരുന്ന പതിമൂന്നാം തീയതി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനിരിക്കെയാണ് സ്വിഗിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

സ്വിഗിയുടെ എതിരാളികളായ സൊമാറ്റോയുടെ ക്വിക്ക് കൊമേഴ്സ് വിഭാഗമായ ബ്ലിങ്കിറ്റും സേവനങ്ങള്‍ വിപുലമാക്കാനൊരുങ്ങുകയാണ്. പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍, ആശാരിമാര്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായുള്ള ശ്രമമാണ് സൊമാറ്റോ നടത്തുന്നത്. സൊമാറ്റോ നേരത്തെ ഫിന്‍ടെക് കമ്പനിയായ പേടിഎമ്മിന്‍റെ സിനിമ, ഇവന്‍റ് ടിക്കറ്റിംഗ് ബിസിനസ് സംരംഭം ഏറ്റെടുക്കുന്നതിനായി തീരുമാനിച്ചിരുന്നു. 2048 കോടി രൂപയുടേതാണ് ഇടപാട്. ഫുഡ് ഡെലിവറിക്ക് പുറമേ, സിനിമാ ടിക്കറ്റ് ബുക്കിംഗ് , രാജ്യത്തുടനീളമുള്ള വിവിധ പരിപാടികള്‍ക്കായി ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍ എന്നിവ സൊമാറ്റോ വഴി ചെയ്യുന്നതിന് വഴിയൊരുക്കുന്നതാണ് ഈ ഇടപാട്.

Related Articles

Back to top button