അശ്ലീല സന്ദേശം, ശാരീരിക ബന്ധത്തിന് നിർബന്ധിച്ചു.. സ്വാമി ചൈതന്യാന്ദ സരസ്വതി അറസ്റ്റിൽ…
ലൈംഗികാതിക്രമ കേസിൽ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാന്ദ സരസ്വതി അറസ്റ്റിൽ.ആഗ്രയിൽ നിന്നാണ് ദില്ലി പൊലീസ് ചൈതന്യാന്ദയെ അറസ്റ്റ് ചെയ്തത്. ചൈതന്യാന്ദയെ ദില്ലിയിൽ എത്തിക്കും. 17 പെണ്‍കുട്ടികളാണ് ചൈതന്യാനന്ദയ്ക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയത്. കേസിൽ മുൻകൂർ ജാമ്യാപേക്ഷ ദില്ലി പട്യാല ഹൗസ് കോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസിന്റെ അറസ്റ്റ് നടപടി. നിരവധി കേസുകളിൽ പ്രതിയാണെന്നും ഒളിവിൽ കഴിയുകയാണെന്നും പൊലീസ് കോടതിയിൽ വാദിച്ചിരുന്നു. തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്.
ഡോ. പാർത്ഥസാരഥി എന്ന ചൈതന്യാനന്ദക്കെതിരെ 17 വിദ്യാർത്ഥിനികളാണ് പരാതിയുമായി രംഗത്ത് വന്നത്. സ്വാമി ചൈതന്യാനന്ദ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചതായും അശ്ലീല സന്ദേശങ്ങൾ അയച്ചതായും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകിയിരുന്നു.ഇദ്ദേഹം രാത്രി വൈകിയും പെൺകുട്ടികളെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തുമായിരുന്നുവെന്നും വിദേശയാത്രകളിൽ കൂടെവരാൻ നിർബന്ധിക്കുമായിരുന്നുവെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. വനിതാ ഹോസ്റ്റലിൽ ആരും കാണാതെ കാമറകൾ സ്ഥാപിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഡയറക്ടറാണ് ചൈതന്യാനന്ദ.
ഇയാൾക്കെതിരെ മുമ്പും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2009-ൽ ഡിഫൻസ് കോളനിയിൽ വഞ്ചന, ലൈംഗിക പീഡനം എന്നിവയുമായി ബന്ധപ്പെട്ട ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട്, 2016-ൽ വസന്ത് കുഞ്ചിലെ ഒരു സ്ത്രീ ഇയാൾക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഈ കേസുകൾ പുനഃപരിശോധിക്കുന്നുണ്ട്.