‘സ്വദേശ് ദർശൻ’ പദ്ധതി….പദ്‌മനാഭസ്വാമിക്ഷേത്രത്തിന് സർക്കാർ നൽകിയത് 19.26 കോടി രൂപ…കണക്കിലാകെ മറിമായമെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ്

കോട്ടയം: തിരുവനന്തപുരം പദ്‌മനാഭസ്വാമിക്ഷേത്രത്തിലെ ‘സ്വദേശ് ദർശൻ’ പദ്ധതിയുടെ കണക്കിലാകെ മറിമായം. കേന്ദ്രസഹായത്തോടെ നടപ്പാക്കിയ പദ്ധതിക്ക് സർക്കാർ നല്കിയത് 19.26 കോടി രൂപയാണ്. എന്നാൽ പദ്ധതി നടപ്പാക്കിയ നിർമിതികേന്ദ്രത്തിന്റെ രേഖയിൽ 18.89 കോടി മാത്രം. എന്നാൽ 19.26 കോടി രൂപയും ചെലവഴിച്ചെന്ന് രേഖയുണ്ടാക്കി. അതിനുശേഷവും കാഷ് ബുക്കിലും ചെക്ക്‌രജിസ്റ്ററിലും 12.59 ലക്ഷം രൂപയും സോഫ്‌റ്റ്‌വേർ അധിഷ്ഠിത ലെഡ്‌ജർ റിപ്പോർട്ടിൽ 6.40 കോടി രൂപയും നീക്കിയിരിപ്പ് കാണിച്ചിട്ടുണ്ട്. കൂടുതൽ സൗകര്യമൊരുക്കാൻ നടപ്പാക്കിയ പദ്ധതിയിലെ കണക്കിലാകെ മറിമായമെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് അറിയിച്ചു. കണക്കുകളുടെ അവ്യക്തതയെപ്പറ്റി വിശദീകരണം ചോദിച്ചെങ്കിലും നിർമിതി കേന്ദ്രത്തിന് മറുപടിയില്ല.
19.26 കോടി രൂപയുടെ പദ്ധതിയാണ് വിനോദസഞ്ചാരവകുപ്പിനുവേണ്ടി നിർമിതി കേന്ദ്രം വഴി നടപ്പാക്കിയത്. കിഴക്ക്, വടക്ക് നടകളിലെ പ്രവൃത്തികളായിരുന്നു പ്രധാനം. നിർമിതികേന്ദ്രത്തിന്റെ ചീഫ് ടെക്നിക്കൽ ഓഫീസർ 2025 ഫെബ്രുവരി ഒന്നിന് വിനോദസഞ്ചാരവകുപ്പ് ഡയറക്ടർക്ക് നല്കിയ കത്തിൽ തുക മുഴുവൻ ലഭിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കാഷ് ബുക്കിലും ചെക്ക് രജിസ്റ്ററിലും 18.89 കോടി രൂപയുടെ വിവരമേയുള്ളൂ. തുക പൂർണമായി ലഭിച്ചെന്ന് കാണിച്ചിട്ടും കണക്കിൽ 37.31 ലക്ഷം രൂപ വ്യത്യാസം വന്നതിനെപ്പറ്റി വിശദീകരണമില്ല.



