നേർച്ചപ്പെട്ടി തകർത്ത് ഒരു ലക്ഷം രൂപയോളം കവർന്ന സംഭവം; പ്രതി പിടിയിൽ

കോഴിക്കോട് നേർച്ചപ്പെട്ടി തകർത്ത് പണം മോഷ്ടിച്ച പ്രതി പിടിയിൽ. മടവൂർ സി.എം മഖാമിലാണ് സംഭവം. പാലക്കാട് കുന്നുംപുറം സ്വദേശി പി.കെ. മുഹമ്മദ് ഹനീഫയാണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. നേർച്ചപ്പെട്ടി തകർത്ത് ഒരു ലക്ഷം രൂപയോളമാണ് കവർന്നത്. ഈ മാസം 11നാണ് മോഷണം നടന്നത്.
മഖാം അധികൃതർ കുന്ദമംഗലം പൊലീസിൽ നൽകിയ പരാതിയെതുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി മടവൂരിൽനിന്ന് പിടിയിലായത്. കുന്ദമംഗലം പൊലീസ് എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
തദ്ദേശ തിരഞ്ഞെടുപ്പ് ദിവസമാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. തിരഞ്ഞെടുപ്പ് ദിവസം രാവിലെ ഏഴരയോടെ സിഎം വലിയുല്ലാഹിലെത്തിയ ഹനീഫ ആളുകളുടെ ആരും കാണാതെ ഭണ്ഡാരം തുറന്ന് മോഷണം നടത്തുകയായിരുന്നു. പ്രാഥമിക തെളിവെടുപ്പിൽ പ്രതിയിൽനിന്ന് കുറച്ച് പണം കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.



