നടൻ സുശാന്ത് സിംഗ് ജീവനൊടുക്കിയത് തന്നെ.. കാരണം വിഷാദരോഗം.. കേസ് അവസാനിപ്പിച്ച് സിബിഐ…
നടൻ സുശാന്ത് സിംഗ് രജ്പുതിൻ്റെ മരണത്തിൽ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. ആത്മഹത്യ പ്രേരണയ്ക്ക് തെളിവില്ലെന്ന നിഗമനത്തിലാണ് സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ചത്. കേസ് റിപ്പോർട്ട് സിബിഐ മുംബൈ കോടതിയിൽ സമർപ്പിച്ചു.2020 ജൂൺ 14 നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുശാന്ത് സിംഗ് രജ്പുതിൻ്റെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക റിപ്പോർട്ട് മുംബൈ പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു.വിഷാദ രോഗം മൂലമാണ് സുശാന്ത് ജീവനൊടുക്കിയതെന്നായിരുന്നു പ്രാഥമികനിഗമനം.
എന്നാൽ മകൻ കൊല്ലപ്പെട്ടതാണെന്നും, 15 കോടി രൂപ കാമുകിയും നടിയുമായ റിയ ചക്രവർത്തി തട്ടിയെടുത്തെന്നും ആരോപിച്ച് പരാതിയുമായി സുശാന്തിന്റെ പിതാവ് ബിഹാർ പൊലീസിനെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്.ഫൊറൻസിക് വിദഗ്ധർ സുശാന്തിന്റെ ഫ്ലാറ്റിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. സുശാന്തിന്റേത് ആത്മഹത്യയാണെന്ന റിപ്പോർട്ടാണ് ഫോറൻസിക് വിദഗ്ധർ സിബിഐക്ക് കൈമാറിയത്.