ഏപ്രിൽ ഒന്നുമുതൽ ടോൾ പ്ലാസകളിൽ സർപ്രൈസ്! നിർണായ നീക്കവുമായി കേന്ദ്ര സർക്കാർ…
രാജ്യത്തെ ഹൈവേകളിലെ ടോൾ നികുതിയെയും ടോൾ സംവിധാനവും അടിമുടി മാറ്റുന്ന നീക്കവുമായി കേന്ദ്ര സർക്കാർ. റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്‍കരി തന്നെയാണ് ഇതുസംബന്ധിച്ച സൂചന നൽകിയത്. കഴിഞ്ഞ ദിവസം മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ (മുംബൈ ബികെസി) സംഘടിപ്പിച്ച ബിസിനസ് ടുഡേയുടെ ബിടി മൈൻഡ് റഷ് 2025 പരിപാടിയിൽ പങ്കെടുത്ത സംസാരിക്കുന്നതിനിടെയാണ് നിതിൻ ഗഡ്‍കരി പുതിയ ടോൾ നയം സംബന്ധിച്ച സൂചന നൽകിയത്.
“ഏപ്രിൽ ഒന്നിന് മുമ്പ് ടോൾ സംബന്ധിച്ച പുതിയ നയം ഞങ്ങൾ പ്രഖ്യാപിക്കും. യാത്രക്കാർക്ക് ന്യായമായ ഇളവുകൾ ഇത് വാഗ്‍ദാനം ചെയ്യും” ഗഡ്‍രി പറഞ്ഞു. ടോൾ നിരക്കുകളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനും റോഡ് അടിസ്ഥാന സൗകര്യ ഫണ്ടിംഗ് മെച്ചപ്പെടുത്തുന്നതുമാണ് ഈ നീക്കത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ പാർലമെന്റ് സമ്മേളനം നടക്കുന്നുണ്ടെന്നും അതിനാൽ ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും എന്നാൽ 2025 ഏപ്രിൽ ഒന്നുമുതൽ അത്തരമൊരു നയം കൊണ്ടുവരുമെന്നും അത് നിങ്ങളെ സന്തോഷിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനെക്കുറിച്ച് വിശദീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചെങ്കിലും, ദേശീയ പാതകളിലെ ടോൾ നിരക്കുകളെച്ചൊല്ലി ആളുകൾ ഇനി തർക്കിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം, നിലവിൽ എൻഎച്ച്എഐയുടെ ടോൾ വരുമാനം 55,000 കോടി രൂപയാണെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത് 1.40 ലക്ഷം കോടി രൂപയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു. ‘പാവപ്പെട്ടവർ ഹൈവേ നിർമ്മാണത്തിൽ നിക്ഷേപം നടത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, ബാങ്കുകൾ നിക്ഷേപങ്ങൾക്ക് നൽകുന്ന 4.5% പലിശയ്ക്ക് പകരം ഞങ്ങൾ അവർക്ക് 8.05% പലിശ നൽകും,’ ഗഡ്‍കരി പറഞ്ഞു.