ചടങ്ങുകൾ നടത്തിയത് രഹസ്യമായി…..സൂര്യനാർകോവിൽ മഠാധിപതി രഹസ്യമായി വിവാഹം കഴിച്ചത് ഭക്തയെ…..

പ്രസിദ്ധമായ കുംഭകോണം സൂര്യനാർകോവിൽ അധീനം മഠാധിപതി ഭക്തയെ വിവാഹം കഴിച്ചു. മഹാലിംഗ സ്വാമി (54) ആണ് തന്റെ ഭക്തയായ ഹേമശ്രീയെ (47) വിവാഹം കഴിച്ചത്. രഹസ്യമായാണ് ചടങ്ങുകൾ നടത്തിയത്. എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ വിവാദത്തിൽ ആയിരിക്കുകയാണ്. അദ്ദേഹത്തിന്റെ അനുയായികളും ആധ്യാത്മിക പ്രവർത്തകരും ആണ് വിമർശനവുമായി രംഗത്തെത്തിയത്. ഒക്‌ടോബർ 10 ന് ബംഗളൂരുവിൽ വച്ച് ആയിരുന്നു വിവാഹം.

ആത്മീയ കർത്തവ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കുടുംബജീവിതം വരെ ഉപേക്ഷിക്കുന്നവരാണ് അധീനം മഠാധിപതികൾ. മഹാലിംഗസ്വാമി പരമ്പരാഗതരീതികൾ ധിക്കരിക്കുന്ന തരത്തിലാണ് പ്രവർത്തിച്ചതെന്നും അനുയായികൾ കുറ്റപ്പെടുത്തി. ചരിത്രപരമായി അധീനം മഠാധിപതികൾ ബ്രഹ്മചര്യ ജീവിതം നയിക്കുന്നവരാണ്. ചിലർ കുടുംബജീവിതം ഉപേക്ഷിച്ചതിനുശേഷം മാത്രമേ മഠാധിപതി പദവി ഏറ്റെടുക്കാറുള്ളൂവെന്നും അധീനത്തിലെ പിൻമുറക്കാർ ചൂണ്ടിക്കാട്ടി. ഇത്തരം ആചാരങ്ങൾ ലംഘിച്ച് അധീനം തലവനായിരിക്കുമ്പോൾ ഒരു ഭക്തയെത്തന്നെ വിവാഹം കഴിച്ച മഹാലിംഗ സ്വാമി മഠത്തിന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും ആരോപണമുണ്ടായി.

തനിക്കു നേരെയുള്ള വിമർശനങ്ങൾക്ക് മഹാലിംഗസ്വാമി സാമൂഹിക മാധ്യമങ്ങളിലൂടെ മറുപടി നൽകി. വിവാഹിതരായ മഠാധിപതികൾ നേരത്തേയും ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ‘ഹേമശ്രീയെ വിവാഹം കഴിച്ചെന്നത് ശരിയാണ്. അവൾ ഭക്തയായാണ് അധീനത്തിൽ വന്നത്. ഇനിയും ഞങ്ങൾ ഒന്നായി തുടരും. വീരശൈവ മഠം, വൈഷ്ണവ മഠം, പണ്ഡിറ്റ് രവിശങ്കർജി മഠം, രാജരാജേശ്വരി പീഠം തുടങ്ങിയവ കർണാടകയിലുണ്ട്. ശൈവ മഠം അവിടെ ഇല്ലാത്തതിനാൽ ഹേമശ്രീ സ്ഥലം വാഗ്ദാനം ചെയ്തു. അവിടെ പണിയുന്ന മഠത്തിന്റെ ട്രസ്റ്റിയായി ഹേമശ്രീയെ നിയമിച്ചു. ഈ ഘട്ടത്തിൽത്തന്നെയാണ് ഞങ്ങളുടെ വിവാഹവും നടന്നത്.

സൂര്യനാർ കോവിൽ അധീനത്തിൽ മുൻ മഠാധിപതിമാർ വിവാഹിതരായിട്ടുണ്ട്. അതിനാൽ, ഇത് വിവാദമാക്കേണ്ട -മഹാലിംഗസ്വാമി പറഞ്ഞു. തമിഴ്നാട്ടിലെ ഏറ്റവും പഴക്കമുള്ള 18 ശൈവ മഠങ്ങളിൽ ഒന്നായ സൂര്യനാർ കോവിൽ അധീനത്തിന്റെ 28-ാം മഠാധിപതിയാണ് മഹാലിംഗസ്വാമി.

Related Articles

Back to top button