ബിൽജിത്തിന്റെ ഹൃദയം ഇനി പതിമൂന്നുകാരിയിൽ തുടിക്കും.. അടുത്ത 48 മണിക്കൂർ നിർണായകം..

വാഹനാപകടത്തെ തുടർന്ന്‌ മസ്‌തിഷ്‌ക മരണം സംഭവിച്ച നെടുമ്പാശ്ശേരി വട്ടപറമ്പ് മള്ളുശേരി പാലമറ്റം വീട്ടിൽ ബിൽജിത്ത്‌ ബിജു (18) വിന്റെ ഹൃദയം ഇനി കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയിൽ തുടിക്കും. കൊല്ലം സ്വദേശിയായ പതിമൂന്നുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ കൊച്ചി ലിസി ആശുപത്രിയിൽ പൂർത്തിയായി. അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നിന്ന് ഹൃദയം എത്തിച്ചതിന് ശേഷം പുലർച്ചെ ഒന്നരയോടെ തുടങ്ങിയത്. ഡോ. ജോസ് ചാക്കോ പെരിയ പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. പുലർച്ചെ 3.30 ന് തന്നെ ഹൃദയം കുട്ടിയിൽ സ്പന്ദിച്ച് തുടങ്ങി. അടുത്ത 48 മണിക്കൂർ നിർണായകം എന്ന് ലിസി ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

വാഹനാപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി സ്വദേശി ബിൽജിത്തിന്റെ ഹൃദയമാണ് പതിമൂന്നുകാരിയായ പെൺകുട്ടിക്ക് നൽകിയത്. കാലടി ആദി ശങ്കര എഞ്ചിനീയറിങ് കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ബിൽജിത്തിന്റ വൃക്കകൾ, കണ്ണ്, ചെറുകുടൽ, കരൾ എന്നിവയും ദാനം ചെയ്തിട്ടുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ശസ്ത്രക്രിയയ്ക്കായി ലിസി ആശുപത്രിയിൽ എത്താനുള്ള സന്ദേശം പെൺകുട്ടിയുടെ കുടുംബത്തിന് ലഭിക്കുന്നത്. തുടർന്ന് 7 മണിയോടെ ആശുപത്രിയിൽ എത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നു പെൺകുട്ടി. സർക്കാർ സംവിധാനങ്ങളും ജനവുമൊന്നാകെ ഒന്നിച്ച് തിരുവനന്തപുരത്ത് നിന്നും മസ്തിഷ്ക മരണം സംഭവിച്ച ഐസക് ജോർജിന്റെ ഹൃദയം കൊച്ചിയിലെത്തിച്ച് ഒരു ദിവസം പിന്നിട്ടപ്പോഴാണ് വീണ്ടും മാതൃകയായി അവയവദാനം.

Related Articles

Back to top button