ശ്രീചിത്രയിലെ പ്രതിസന്ധി പരിഹരിച്ചു..ശസ്ത്രക്രിയകൾ രണ്ടു ദിവസത്തിനുള്ളിൽ..

ശ്രീചിത്ര ആശുപത്രിയിലെ ചികിത്സാ പ്രതിസന്ധി പരിഹരിച്ചുവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വിഷയത്തിൽ മാധ്യമങ്ങളിൽ വന്നയത്ര ഗൗരവം ഇല്ലെന്നും ചെറിയ ബുദ്ധിമുട്ട് രോഗികൾക്ക് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടെക്നിക്കലായ കാര്യങ്ങളാണ്. കേന്ദ്ര സർക്കാരിന്റെ നിയമങ്ങളനുസരിച്ച് രോഗികൾക്ക് ഒരുതരത്തിലും ബുദ്ധിമുട്ടില്ലാത്ത നിലയിൽ മുന്നോട്ട് പോകാനുള്ള തീരുമാനമായി. എല്ലാവരും ഒത്തൊരുമിച്ചാണ് നിൽക്കുന്നത്. അഴിമതി രഹിതമായ പ്രതിവിധി ഉണ്ടായിട്ടുണ്ട്. ശസ്ത്രക്രിയകൾ രണ്ടു ദിവസത്തിനുള്ളിൽ തുടങ്ങും. സുഗമമായ നടത്തിപ്പിനായുള്ള പ്രതിവിധികൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നും ഇല്ലാത്തതിനാൽ ചികിത്സാ പ്രതിസന്ധി നേരിടുന്നതായി വാർത്ത പുറത്തുവന്നിരുന്നു. തുടർന്ന് ന്യൂറോ റേഡിയോളജി ശസ്ത്രക്രിയകൾ മുടങ്ങിയിരുന്നു. എപ്പോൾ സർജറി നടത്താൻ കഴിയും എന്നതിൽ വ്യക്തത ലഭിക്കാത്തതോടെ രോഗികൾ ആശങ്കയിലാണ്.

പ്രതിസന്ധി തുടർന്നാൽ ഒരാഴ്ചയിൽ മുപ്പതിലധികം സർജറികൾ മാറ്റിവെക്കേണ്ടി വരുമെന്ന ആശങ്കയും ഉയർന്നിരുന്നു. ശസ്ത്രക്രിയ തീയതി മാറ്റിയെങ്കിലും, അത് എപ്പോൾ നടത്താൻ കഴിയുമെന്ന കാര്യത്തിൽ ആശുപത്രി അധികൃതർ ഇതുവരെ രോഗികൾക്ക് ഉറപ്പ് നൽകിയിട്ടില്ല. നിരവധി രോഗികളാണ് ആശങ്കയിലായിരിക്കുന്നത്. ഡോക്ടർമാർ നൽകിയ കത്തിനും കൃത്യമായ മറുപടി മാനേജ്മെന്റ് ഭാഗത്തുനിന്നും ഉണ്ടായില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഉടൻ ഇടപെടൽ വേണമെന്ന ആവശ്യം കേന്ദ്ര സയൻസ് ആൻഡ് ടെക്നോളജി വകുപ്പിനെ എംപിമാർ അറിയിച്ചിരുന്നു.

കേന്ദ്ര സർക്കാർ നിയമപ്രകാരം ഓരോ വ‍ർഷവും ശ്രീചിത്രയിലെ കരാറുകൾ പുതുക്കേണ്ടതുണ്ട്. പുതുക്കിയാൽ മാത്രമേ കമ്പനികൾ നൽകുന്ന ഉപകരണങ്ങൾക്ക് ഉള്ള ആനുകൂല്യങ്ങളും മറ്റും ആശുപത്രിക്ക് ലഭിക്കൂ. എന്നാൽ 2023-ന് ശേഷം കരാറുകൾ പുതുക്കിയിട്ടില്ല എന്നായിരുന്നു പുറത്തുവന്ന വിവരം.

അതേസമയം, ആശുപത്രിയിൽ യൂത്ത്കോൺഗ്രസ് പ്രതിഷേധം നടത്തുകയാണ്. അഞ്ചാംനിലയിൽ കുത്തിയിരുന്നാണ് പ്രതിഷേധം.

Related Articles

Back to top button