സുരേഷ് ഗോപി വീണ്ടും മാസ് പരിവേഷത്തില്‍ ക്യാമറയ്ക്ക് മുന്നിലേക്ക്…
സുരേഷ് ഗോപി വീണ്ടും മാസ് പരിവേഷത്തില്‍ എത്തുന്ന ചിത്രമാണ് ഒറ്റക്കൊമ്പന്. കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം ഇന്ന് തിരുവനന്തപുരം സെൻട്രൽ ജയില്‍ വളപ്പിലെ മഹാഗണപതി ക്ഷേത്രത്തിൽ വച്ച് ലളിതമായ ചടങ്ങോടെ ആരംഭിച്ചു. ചലച്ചിത്ര പ്രവർത്തകരും അണിയറക്കാരും പങ്കെടുത്ത ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ചടങ്ങിന് തുടക്കമായത്. തുടർന്ന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടൻ്റ് സനിൽ കുമാർ, സെൻട്രൽ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജ്, ഡെപ്യൂട്ടി സൂപ്രണ്ട് കിച്ചി എന്നിവരും ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു.




