ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടിക ജാതി, പട്ടിക വർഗ ആനുകൂല്യം ലഭിച്ചേക്കില്ല

ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടിക ജാതി, പട്ടിക വർഗ ആനുകൂല്യങ്ങൾ ലഭിച്ചേക്കില്ലെന്ന് സുപ്രീം കോടതി. ഹിന്ദു, സിഖ്, ബുദ്ധ മതസ്ഥർക്ക് മാത്രമേ പട്ടിക ജാതി പദവി ലഭിക്കൂ എന്നും സുപ്രീം കോടതി വ്യക്തമാക്കി. മറ്റു മതങ്ങളിലേക്ക് മാറിയാൽ സംവരണവും ആനുകൂല്യവും ലഭിക്കില്ലെന്ന് മാത്രമല്ല അതിക്രമം തടയൽ നിയമത്തിൻറെ പരിരക്ഷയും ലഭിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് ജനനം പരിഗണിക്കാതെ പട്ടികജാതി പദവി നഷ്ടപ്പെടും. 1950-ലെ ഭരണഘടന (പട്ടികജാതി) ഉത്തരവിൽ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.കെ.മിശ്ര, എൻ.വി. അഞ്ജരിയ എന്നിവരുടെ ബെഞ്ച് ആണ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെ പട്ടികജാതി പദവി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയത്.
ക്രിസ്തുമതത്തിലേക്ക് മാറിയാൽ പട്ടിക ജാതി, പട്ടിക വർഗ ആനുകൂല്യം കിട്ടില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചാണ് സുപ്രീം കോടതിയുടെ വിധി. മതപരിവർത്തനം നടത്തിയ ആന്ധ്ര സ്വദേശി ചിന്താട ആനന്ദ് എന്ന പാസ്റ്റർ നൽകിയ അപ്പീൽ കോടതി തീർപ്പാക്കി. പാസ്റ്ററായ തന്നെ ആക്രമിച്ചവർക്കെതിരെ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം ആണ് ആനന്ദ് കേസ് നൽകിയിരുന്നത്. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തതിനാൽ ഈ വകുപ്പ് നിലനിൽക്കില്ലെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവാണ് ഇപ്പോൾ സുപ്രീം കോടതിയും ശരിവെച്ചത്.



