തീവ്ര വോട്ടർപട്ടിക പരിഷ്കരണം; ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. എസ്ഐആറിലെ ഭരണഘടന സാധുത ചോദ്യം ചെയ്‌തുള്ള ഹർജികൾ ആണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയിൽ എത്തിയ ഹർജികളും,  ഒപ്പം മറ്റ് സംസ്ഥാനങ്ങളിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികളും കോട‌തിയുടെ പരിഗണനയിൽ ഉണ്ട്.

കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹർജികൾ ഈ മാസം 15നാണ് സുപ്രീംകോടതി ലിസ്റ്റ് ചെയ്തിരിക്കുന്നത്. യുപിയിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള കരട് പട്ടിക ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കും. കേരളത്തിൽ എസ്‌ഐആർ മാപ്പിംഗ് നടത്താനാകാത്ത 19 ലക്ഷം പേരുടെ പട്ടിക പൊതുരേഖയായി പ്രസിദ്ധീകരിക്കണമെന്ന് ബിജെപി ഒഴികെയുള്ള രാഷ്ട്രീയപാർട്ടികൾ എസ്‌ഐആർ യോഗത്തിൽ ആവശ്യപ്പെട്ടു. ശാരീരിക ബുദ്ധിമുട്ടുള്ളവരെയും, പ്രവാസികളെയും ഹിയറിംഗിൽ നിന്ന് ഒഴിവാക്കി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകണം എന്ന് സിപിഐഎമ്മും, കോൺഗ്രസും മുസ്ലീം ലീഗും ആവശ്യപ്പെട്ടു.

കേരളത്തിൽ 2002-ന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ വോട്ടർ പട്ടിക പുതുക്കുന്നത്. കേരളത്തിലെ എസ്ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. 2,54,42,352 വോട്ടർമാരാണ് പട്ടികയിലുള്ളത്. വോട്ടർ പട്ടികയിൽ നിന്ന് 24, 08,503 പേരെ ഒഴിവാക്കിയിട്ടുണ്ട്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്

Related Articles

Back to top button