മുസ്ലീം പള്ളികളില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹര്‍ജി.. നടപടികൾക്ക് സ്റ്റേ…
രാജ്യത്തെ ആരാധനാലയങ്ങളില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്നും നിലവിലുള്ള ഹര്‍ജികളില്‍ ഉത്തരവു പുറപ്പെടുവിക്കരുതെന്നും കോടതികള്‍ക്കു സുപ്രീം കോടതി നിര്‍ദേശം. വിവിധ മുസ്ലിം പള്ളികളില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ കോടതികളുടെ പരിഗണനയിലിരിക്കെയാണ്, ആരാധനാലയ നിയമ കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.
മുസ്ലീം പള്ളികളിലെ സര്‍വേ ആവശ്യപ്പെട്ട് ആറു സ്യൂട്ട് ഹര്‍ജികള്‍ രാജ്യത്തിന്റെ വിവിധ കോടതികളുടെ പരിഗണനയിലുണ്ട്. ആ ഹര്‍ജികള്‍ സ്റ്റേ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതു വരെ ഇത്തരം പുതിയ ഹര്‍ജികള്‍ സ്വീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.ആരാധനാലയ നിയമത്തിന്റെ രണ്ട്, മൂന്ന്, നാല് വകുപ്പുകള്‍ ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ സുപ്രീം കോടതി തീര്‍പ്പ് ഉണ്ടാകുന്നതുവരെ ഈ ഇടക്കാല ഉത്തരവ് നിലനില്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.