പേരാവൂരിൽ പോരിനിറങ്ങാൻ സണ്ണി ജോസഫ്, കെപിസിസി അധ്യക്ഷ ചുമതല കൈമാറും; പകരക്കാരനായി..

കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ പേരാവൂർ മണ്ഡലത്തിൽവീണ്ടും സ്ഥാനാർത്ഥിയായാൽ അധ്യക്ഷ ചുമതല മറ്റൊരാൾക്ക് കൈമാറും. അങ്ങനെയെങ്കിൽ താത്കാലിക അധ്യക്ഷന്റെ നേതൃത്വത്തിലാകും കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക. ദില്ലിയിൽ നടന്ന ചർച്ചകളിൽ സണ്ണി ജോസഫിനെ പേരാവൂരിൽ വീണ്ടും പോരിനിറക്കുമെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. കെ പി സി സി അധ്യക്ഷൻറെ ചുമതലയിലേക്ക് കൊടിക്കുന്നിൽ സുരേഷ്, കെ സി ജോസഫ് എന്നിവരുടെ പേരുകളാണ് ഹൈക്കമാൻഡിന്റെയും സംസ്ഥാന നേതാക്കളുടെയും സജീവ പരിഗണനയിലുള്ളത്. സണ്ണി ജോസഫ് മത്സരരംഗത്തിറങ്ങിയാൽ പാർട്ടിയെ നയിക്കാൻ പരിചയസമ്പന്നരായ നേതാക്കൾ വേണമെന്ന ആവശ്യമാണ് ഉയരുന്നത്. ഇതോടൊപ്പം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കണമെന്ന നിർദ്ദേശവും പാർട്ടിയിൽ ശക്തമാണ്. വരും ദിവസങ്ങളിൽ സ്ക്രീനിംഗ് കമ്മിറ്റി കൂടി ചേരുന്നതോടെ സ്ഥാനാർത്ഥി നിർണ്ണയത്തിലും നേതൃമാറ്റത്തിലും അന്തിമ തീരുമാനമുണ്ടാകും. സമുദായ സംഘടനകളുമായുള്ള അടുപ്പം കൂടി കണക്കിലെടുത്താകും തീരുമാനം. ആൻറോ ആൻറണി, ഷാഫി പറമ്പിൽ എന്നിവരെയും പരിഗണിക്കണമെന്ന് പാർട്ടിക്കുള്ളിൽ അഭിപ്രായമുണ്ട്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷമാകും ചുമതലാ കൈമാറ്റം.



