‘വുമണ്‍ വിത്ത് വൈല്‍ഡ് ഹെയര്‍’; ബഹിരാകാശ നിലയത്തില്‍ സുനിത വില്യംസ് മുടി അഴിച്ചിടുന്നതിനു കാരണം…

ബഹിരാകാശ നിലയത്തില്‍ ഒമ്പത് മാസം കഴിഞ്ഞ സുനിതാ വില്യംസിന്റേയും ബുച്ച് വില്‍മോറിന്റേയും ഓരോ വിശേഷങ്ങളും അറിയാൻ കൗതുകത്തോടെയും അത്ഭുതത്തോടെയുമാണ് ലോകം കാതോർത്തിരുന്നത്. ഇന്ന് രാവിലെ അവർ ഭൂമിയിൽ ഇറങ്ങിയത് ലോകം മുഴുവൻ ആഘോഷിച്ചു. അവര്‍ എങ്ങനെ ബഹിരാകാശ നിലയത്തില്‍ കഴിയുന്നു, എന്താണ് കഴിക്കുന്നത് എന്നൊക്കെ അറിയാൻ ആളുകൾക്ക് വലിയ ആകാംഷയായിരുന്നു. മിക്കവരും ഇതെല്ലം അറിയാൻ ഗൂഗിളിനെ ആശ്രയിച്ചിട്ടുണ്ട്. ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ഓരോ ഫോട്ടോകൾ കാണുമ്പോഴും നമ്മൾ എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ട് മുകളിലേക്ക് ഉയർന്നു നിൽക്കുന്ന സുനിത വില്യംസിന്റെ മനോഹരമായ മുടി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വരെ സുനിതയുടെ മുടിയെ കുറിച്ച് തമാശയായി പറഞ്ഞു, ‘വുമണ്‍ വിത്ത് വൈല്‍ഡ് ഹെയര്‍’ എന്ന്.

ബഹിരാകാശ യാത്രികര്‍, പ്രത്യേകിച്ച് സ്ത്രീകള്‍, ബഹിരാകാശ നിലയത്തില്‍ നില്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് മുടി അഴിച്ചിടുന്നത് മിക്കവരുടെയും സംശയമായിരുന്നു. ഇതിന്റെ ഉത്തരം ശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്. ഗുരുത്വാകര്‍ഷണത്തിന്റെ അഭാവത്താല്‍ മുടി സ്വാഭാവികമായി മുഖത്തേക്ക് വീഴില്ല. എപ്പോഴും സ്വതന്ത്രമായി പൊങ്ങിക്കിടക്കും. അതുകൊണ്ട് പിന്നിലേക്ക് കെട്ടേണ്ട ആവശ്യമേയില്ല. ഭൂമിയില്‍ ഗുരുത്വാകര്‍ഷണമുള്ളതിനാല്‍ അത് മുടിയെ താഴേക്ക് വലിക്കുന്നു. അതുകൊണ്ടാണ് ഹെയര്‍ബാന്‍ഡ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് മുടി കെട്ടിയിടേണ്ടി വരുന്നത്. ഭൂമിയിലാകുമ്പോള്‍ മുടി കെട്ടിക്കുടുങ്ങാതിരിക്കാന്‍ ചീകേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ബഹിരാകാശ നിലയത്തില്‍ മുടി സ്വതന്ത്രമായി പൊങ്ങിക്കിടക്കുന്നതിനാല്‍ കെട്ടിക്കുടുങ്ങില്ല. അതുകൊണ്ടുതന്നെ മാസങ്ങളോളം മുടി ചീകാതിരിക്കാം.

അതുകൂടാതെ ബഹിരാകാശത്ത് പലപ്പോഴും ഹെല്‍മെറ്റുകളും ഹെഡ്ഗിയറുകളും ധരിക്കേണ്ടി വരും. ഇത് അവരുടെ തലയോട്ടിക്ക് ചുറ്റും വായുസഞ്ചാരം കുറയ്ക്കും. ഈ സമയത്ത് മുടി അഴിച്ചിടുമ്പോള്‍ അത് തലയോട്ടിക്ക് തണുപ്പ് നല്‍കുന്നു. എന്നാല്‍ മുടിയുടെ പരിചരണം എളുപ്പമാണെങ്കിലും മുടി മുറിക്കുക എന്നത് എന്നത് ബഹിരാകാശത്ത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനായി വാക്വം അറ്റാച്ച്‌മെന്റുള്ള പ്രത്യേക ഇലക്ട്രിക് ക്ലിപ്പറുകള്‍ തന്നെ വേണം.

Related Articles

Back to top button