എഐ വലിയൊരു കുമിള.. അന്ധമായി വിശ്വസിച്ചാൽ എട്ടിന്‍റെ പണി! മുന്നറിയിപ്പ്….

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) പറയുന്നതെല്ലാം പൂർണ്ണമായും വിശ്വസിക്കരുതെന്ന് എഐ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നൽകി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. എഐയിലെ നിക്ഷേപങ്ങൾ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരു കുമിളപോലെയാണെന്നും അങ്ങനെ സംഭവിച്ചാൽ ആരും രക്ഷപ്പെടില്ലെന്നും അദ്ദേഹം കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഗൂഗിളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്‍റെ സിഇഒയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈയുടെ ഈ തുറന്നുപറച്ചിൽ.

എഐ മോഡലുകൾ പിശകുകൾക്ക് സാധ്യതയുള്ളവയാണെന്നും അതിനാൽ ഉപയോക്താക്കൾ മറ്റ് ഉപകരണങ്ങളുമായി സന്തുലിതമായി അവ ഉപയോഗിക്കണം എന്നും സുന്ദർ പിച്ചൈ വ്യക്തമാക്കി. എഐയെ മാത്രം ആശ്രയിക്കുന്നതിനുപകരം ശക്തമായ ഒരു വിവര സംവിധാനം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് അദേഹം പറഞ്ഞു. അതുകൊണ്ടാണ് ആളുകൾ ഗൂഗിൾ സെർച്ചിംഗ് ഉപയോഗിക്കുന്നതെന്നും സുന്ദർ പിച്ചൈ പറഞ്ഞു. കൃത്യമായ വിവരങ്ങൾ നൽകുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉൽപ്പന്നങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും സുന്ദർ പിച്ചൈ അവകാശപ്പെട്ടു. അതേസമയം ക്രിയേറ്റീവായി എന്തെങ്കിലും എഴുതാൻ ആഗ്രഹിക്കുമ്പോൾ എഐ ടൂളുകൾ സഹായകരമാണെന്ന് സുന്ദർ പിച്ചൈ സമ്മതിച്ചു. പക്ഷേ അവ ശരിയായ ഉദ്ദേശ്യത്തിനായി ഉപയോഗിക്കണമെന്നും അവർ പറയുന്നതെല്ലാം വിശ്വസിക്കരുതെന്നും ആളുകൾ മനസിലാക്കണമെന്നും അദേഹം ആവർത്തിച്ചു.

Related Articles

Back to top button