കേരളത്തിൽ വേനൽമഴ കനക്കുന്നു… അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്…. വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തിൽ വേനൽമഴ ശക്തമാകുന്നു. മഴ കനക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പുതിയ മുന്നറിയിപ്പ്.
ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും നാളെ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാലാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഏപ്രിൽ 1 മുതൽ 3 വരെയും ഇടിമിന്നൽ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നൽ മനുഷ്യജീവനും വീട്ടുപകരണങ്ങൾക്കും ഭീഷണിയായതിനാൽ കാർമേഘം കണ്ട് തുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും നാശനഷ്ടമുണ്ടാകാൻ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വേനൽ ചൂടിന് ഇത് ആശ്വാസമാകുമെങ്കിലും കാറ്റും മിന്നലും അപകടങ്ങൾ സൃഷ്ടിക്കാൻ ഇടയുള്ളതിനാൽ പ്രത്യേക ശ്രദ്ധ വേണം.



