28 വർഷങ്ങൾക്ക് ശേഷം യഥാർത്ഥ ക്ലൈമാക്സ് സീൻ പുറത്ത്; ‘സമ്മർ ഇൻ ബത്‌ലഹേ’മിലെ മോഹൻലാലി​ന്റെ ഡിലീറ്റ് ചെയ്ത ക്ലൈമാക്സ് വീഡിയോ പുറത്തുവിട്ട് നിർമാതാക്കൾ

‘സമ്മർ ഇൻ ബത്‌ലഹേം’ എന്ന സൂപ്പർഹിറ്റ് സിനിമയിലെ ഡിലീറ്റ് ചെയ്ത ക്ലൈമാക്സ് സീൻ പുറത്തുവിട്ട് നിർമാതാക്കൾ. 28 വർഷങ്ങൾക്കുശേഷമാണ് സിയാദ് കോക്കേഴ്സ് എന്റർടെയ്ൻമെന്റ്സ് എന്ന യൂട്യൂബ് ചാനലിലൂടെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടത്. ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള രംഗമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.

ജയിലിൽ പോയി മോഹൻലാലിന്റെ കഥാപാത്രമായ നിരഞ്ജനെ കണ്ടതിന് ശേഷം ആമിയും ഡെന്നിസും തിരികെ വീട്ടിൽ എത്തുന്നതും തുടർന്ന് മഞ്ജുവിന്റെ കഥാപാത്രത്തെ എല്ലാവരും ചേർന്ന് വിവാഹബന്ധത്തിൽ തുടരാൻ സമ്മതിപ്പിക്കുന്നതുമാണ് രംഗത്തിൽ കാണാനാകുക.

വധശിക്ഷയ്ക്ക് വിധേയനാകുന്നതിനു മുമ്പ് നിരഞ്ജന്റെ നിർബന്ധ പ്രകാരം ഡെന്നിസിനെ അഭിരാമി താലി കെട്ടുന്നുണ്ട്. നിരഞ്ജനെ അവസാനമായി കണ്ട ശേഷം തിരിച്ചു വീട്ടിലെത്തുമ്പോൾ നടന്ന കാര്യങ്ങളെല്ലാം ഡെന്നിസ് ആമിയുടെ കുടുംബാംഗങ്ങളെ അറിയിക്കുന്നു. താൻ കെട്ടിയ താലി ഊരി മാറ്റാൻ തയാറാകുന്നുമുണ്ട്. എന്നാൽ ജയറാമിന്റെ കഥാപാത്രവും മറ്റുള്ളവരും ഇതിനെ എതിർക്കുന്നതും വിവാഹബന്ധം തുടരാൻ ആമിയോട് ആവശ്യപ്പെടുന്നതുമാണ് രംഗത്തിലുള്ളത്.

അങ്ങനെ എല്ലാവരുടെയും അഭ്യർഥന പ്രകാരം ഡെന്നിസിനൊപ്പം ജീവിക്കാൻ ആമി തയാറുമ്പോൾ ഒരു സ്വപ്നത്തിലെന്നപോലെ വീണ്ടും നിരഞ്ജൻ കടന്നു വരുന്നു. ഡെന്നിസിനൊപ്പം ജീവിക്കണമെന്ന് നിരഞ്ജും സ്വപ്നത്തിൽ ആമിയോടു പറയുകയാണ്. വളരെയധികം വൈകാരികമായ ഈ രണ്ടു രംഗങ്ങളും സമയ ദൈർഘ്യം മൂലമാണ് സംവിധായകൻ സിബി മലയിലിന് കട്ട് ചെയ്യേണ്ടി വന്നത്.

ഈ രണ്ട് സീനുകൾക്കു ശേഷമാണ് സിനിമയിൽ പ്രേക്ഷകർ കാണുന്ന ക്ലൈമാക്സിലേക്ക് എത്തിച്ചേരുന്നതും. ചിത്രത്തിൽ ജയിലിൽ വച്ച് പെട്ടെന്ന് കല്ല്യാണം നടക്കുന്നതിനെ ലോജിക്കലാക്കി മാറ്റാൻ വേണ്ടിയായിരുന്നു ഈ സീനെന്നും എന്നാൽ ചിത്രം കണ്ടിറങ്ങിയപ്പോൾ ഈ രംഗത്തിന്റെ ആവശ്യം അതിലില്ലെന്നാണ് നിർമാതാവായ സിയാദ് കോക്കറാണ് പറഞ്ഞതെന്നും സിബി മലയിൽ പറഞ്ഞിരുന്നു. മോഹൻലാൽ മരിച്ചെന്ന് അറിഞ്ഞതിന് ശേഷം ആളുകൾ ചിത്രം കാണാൻ ഉണ്ടെന്നതിനാലും സീനുകൾ കട്ട് ചെയ്ത് ഒഴിവാക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുകയുണ്ടായി.

ഈ ഡിലീറ്റഡ് സീനിനെക്കുറിച്ച് സിബി മലയിൽ പറഞ്ഞത് ഇങ്ങനെ: ‘‘ലാലിലേക്ക് ആ വേഷം എത്തി എന്നത് തിയറ്ററിൽ എത്തുന്നത് വരെ ഒളിപ്പിച്ച് വച്ചിരിക്കുകയായിരുന്നു. അത് സർപ്രൈസ് ആയി ഇരിക്കട്ടെ എന്ന് വെച്ചു.

അത് തിയറ്ററിൽ വലുതായി സ്വീകരിക്കപ്പെട്ടു. അതിൽ വേറെ ഒരു രഹസ്യം രണ്ട് സീനുകൾ ഡിലീറ്റ് ചെയ്തിരുന്നു. മഞ്ജുവിനെ താലി കെട്ടിയ ശേഷം കൺവിൻസ് ചെയ്യുന്ന ഒരു സീൻ ഉണ്ടായിരുന്നു. ലോജിക്കൽ ആയി ചിന്തിക്കുമ്പോൾ അയാളെ ഇത്രയും സ്നേഹിച്ച ഒരാൾ പെട്ടന്ന് മനസ് മാറി മറ്റൊരാളെ കല്യാണം കഴിക്കുന്നത് എങ്ങനെ സീകരിക്കപ്പെടുമെന്ന് സംശയം വന്നു. അതിനെക്കുറിച്ച് പത്ത് മിനിറ്റ് നീളമുള്ള ഒരു സീൻ ആണ് ഷൂട്ട് ചെയ്തത്. മഞ്ജുവിനെ വീട്ടുകാർ കൺവിൻസ് ചെയ്യുന്നത്. അതിനിടയിൽ മോഹൻലാൽ വീണ്ടും വരുന്ന ഒരു സീൻ ഉണ്ടായിരുന്നു.

പക്ഷേ തിയറ്ററിൽ എത്തി സിയാദ് ആദ്യ ദിനം സിനിമ കണ്ട് കഴിഞ്ഞു എന്നെ വിളിച്ചിട്ട് പറഞ്ഞു ആ സീനിന്റെ ആവശ്യം ഇല്ലെന്ന്. ആളുകൾ അസ്വസ്ഥർ ആകുന്നുണ്ടെന്ന്. കാരണം ലാലു മരിച്ചെന്ന് ആളുകൾ അറിയുമ്പോൾ തിയേറ്ററിൽ ഇരിക്കാൻ തയ്യാറാകില്ലെന്ന്. ഇതിനിടയിൽ അത്രയും വലിയ സീൻ നിൽക്കില്ലെന്ന്. നിങ്ങളുടെ തിയേറ്ററിൽ മാത്രം അതൊന്ന് കട്ട് ചെയ്ത നോക്കിയിട്ട് പ്രശ്നം ഉണ്ടെങ്കിൽ പറയാൻ പറഞ്ഞു.കാരണം, ലാലു താലികെട്ടി ബോധം പോയതിന് ശേഷം പിന്നെ കാണിക്കുന്നത് മഞ്ജു റെയിൽവേ സ്റ്റേഷനിൽ ചിരിച്ചു നിൽക്കുന്നതാണ്. അതിൽ ജമ്പ് കട്ട് ഫീൽ ചെയ്യുമെന്ന് കരുതിയിരുന്നു. പക്ഷെ അതിന് ഒരു കുഴപ്പവും ഇല്ലെന്ന് സിയാദ് പറഞ്ഞു. പുതിയ പതിപ്പിൽ കൊണ്ട് വരാൻ ഞാൻ ശ്രമിച്ചു. പക്ഷെ നല്ല നെഗറ്റീവ് കിട്ടിയില്ല. അല്ലെങ്കിൽ അതൊരു സർപ്രൈസ് ആയി ഈ സിനിമയിലേക്ക് വന്നേനെ.’’ സിബി മലയിലിന്റെ വാക്കുകൾ.

അതേസമയം ഈ രംഗം പുറത്തുവന്നതിനു പിന്നാലെ രസകമായ കമന്റുകളാണ് വരുന്നത്. നിരഞ്ജൻ എന്ന കഥാപാതത്തിന്റെ ഡീറ്റെയ്‌‍ലിങ് ഇപ്പോഴാണ് കൃത്യമായതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. എന്നാൽ അഭിരാമിയെ കൺവിൻസ് ചെയ്യാൻ നോക്കുന്ന സീനുകൾക്ക് ഒരുപാട് നാടകീയതയുണ്ടെന്നും അത് ചിത്രത്തിന്റെ മൂഡിന് യോജിക്കുന്നില്ലെന്നും മറ്റൊരു വിഭാഗം പറയുന്നു.

Related Articles

Back to top button