‘സുകാന്തിന്റെ മാതാപിതാക്കൾ വിവാഹാലോചനയുമായി വീട്ടിൽ വന്നിട്ടില്ല’… മുൻകൂർജാമ്യാപേക്ഷയിലെ വാദങ്ങൾ തള്ളി കുടുംബം..

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷിക്കുന്ന സുകാന്തിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങൾ തള്ളി യുവതിയുടെ കുടുംബം. സുകാന്തിന്റെ മാതാപിതാക്കൾ വിവാഹാലോചനയുമായി വീട്ടിൽ വന്നിട്ടില്ലെന്നും വിവാഹാലോചനയിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് സുകാന്തും കുടുംബവും ശ്രമിച്ചതെന്നും കുടുംബം വ്യക്തമാക്കുന്നു. ഗർഭഛിദ്രം നടത്തിയതായി പൊലീസിൽ നിന്ന് അറിഞ്ഞു. 2024 ജൂലൈ മാസം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗർഭഛിദ്രം. പോലീസ് അന്വേഷണം നല്ല രീതിയിൽ നടക്കുന്നുണ്ടെന്നും കുടുംബം പ്രതികരിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷിക്കുന്ന സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. കൊച്ചിയിൽ ഐ ബി ഉദ്യോഗസ്ഥനായ യുവാവ് സംഭവത്തിന് പിന്നാലെ ഒളിവിൽ പോയിരുന്നു. മരിച്ച യുവതിയും താനുമായി പ്രണയത്തിലായിരുന്നെന്നും കുടുംബങ്ങൾ തമ്മിൽ വിവാഹാലോചന നടത്തിയിരുന്നെന്നും ഹർജിയിലുണ്ട്. യുവതി മരിച്ചതോടെ താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. ഐബിയിലെ  ഉദ്യോഗസ്ഥയായിരുന്ന സഹപ്രവർത്തകയുടെ മരണം ആത്മഹത്യയാണോ  അപകടമരണമാണോയെന്ന് പൊലീസ് ഇതേവരെ കണ്ടെത്തിയിട്ടില്ല. എന്നാൽ മരിച്ച യുവതിയുടെ കുടുംബം തനിക്കെതിരെ പൊലീസിൽ പരാതി നൽകിയതായി അറിഞ്ഞു. ഈ സാഹചര്യത്തിലാണ് കോടതിയെ  സമീപിക്കുന്നതെന്നും സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷയിലുണ്ട്.

Related Articles

Back to top button