എല്ലാ പൊലീസുകാർക്ക് എതിരെയും കേസെടുത്തിട്ടില്ല.. പരാതിയിൽ നിന്ന് പിന്മാറാൻ പണം ഓഫർ ചെയ്തു…
തൃശൂർ കുന്നംകുളത്തെ പൊലീസ് മർദനത്തിൽ, തന്നെ മർദിച്ച എല്ലാ പൊലീസുകാർക്ക് എതിരെയും കേസെടുത്തിട്ടില്ലെന്ന് മർദനമേറ്റ സുജിത്ത് വി എസ്. അഞ്ചുപേർ മർദ്ദിച്ചതിൽ നാലു പൊലീസുകാർക്കെതിരെ മാത്രമാണ് കേസെടുക്കുന്നത്. പൊലീസ് ഡ്രൈവറായിരുന്ന സുഹൈർ കേസിൽ നിന്ന് ഒഴിവായി. ഇതിനെതിരെ നിയമപോരാട്ടം തുടരുമെന്നും സുജിത്ത് പറഞ്ഞു.
സുഹൈർ പൊലീസ് സ്റ്റേഷന് മുകളിലത്തെ നിലയിൽ വച്ചാണ് സുജിത്തിനെ മർദിച്ചത്. സുഹൈർ ഇപ്പോൾ പോലീസ് വകുപ്പ് വിട്ട് റവന്യൂ വകുപ്പിലേക്ക് മാറി. വില്ലേജ് ഓഫീസിൽ ജോലി ചെയ്തു വരികയാണ് സുഹൈർ. അഞ്ചു പേരും ക്രൂരമായി മർദിച്ചെന്ന് സുജിത്ത് പറയുന്നു. എല്ലാത്തിനും സുഹൈർ ഒപ്പമുണ്ടായിരുന്നു.പരാതിയിൽ നിന്ന് പിന്മാറാൻ പൊലീസുകാർ പണം ഓഫർ ചെയ്തുവെന്ന് സുജിത്ത് പറഞ്ഞു. 20 ലക്ഷം രൂപ തരാം എന്ന് വരെ അറിയിച്ചു. ഇടനിലക്കാർ മുഖാന്തരവും അല്ലാതെയും ആണ് പണം ഓഫർ ചെയ്തത്. കൂടുതൽ തുക വേണമെങ്കിലും തരാൻ തയ്യാറായിരുന്നുവെന്ന് അവർ അറിയിച്ചതായി സുജിത്ത് വിഎസ് പറഞ്ഞു.
2023 ഏപ്രിൽ 5ന് നടന്ന കസ്റ്റഡി മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് കോടതിയുടെ സുപ്രധാന ഇടപെടലിലൂടെയാണ്. സുഹൃത്തിനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെ പൊലീസ് മർദിച്ചത്.