അമ്പലപ്പുഴയിൽ സുധാകരൻ ‘വിമതൻ’…. 60 വർഷത്തെ ബന്ധം അവസാനിപ്പിച്ചു… ആരുടെയും പിന്തുണ വേണ്ടെന്ന് പ്രഖ്യാപനം

ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. ഇന്ന് പതിനൊന്ന് മണിക്ക് വിളിച്ചു ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് പാര്‍ട്ടി വിട്ടതായി ജി സുധാകരന്റെ നിര്‍ണായക പ്രഖ്യാപനം. ആലപ്പുഴയിലെ മുതിര്‍ന്ന സിപിഎം അംഗമായിരുന്ന ജി സുധാകരൻ 60 വര്‍ഷത്തെ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആരുടെയും പിന്തുണ തേടില്ലെന്നും മത്സരം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് എതിരല്ലെന്നും സുധാകരൻ വ്യക്തമാക്കി. ഇനി സ്വതന്ത്ര നിലപാടായിരിക്കുമെന്നും ഒരിടത്തും പ്രസംഗിക്കാൻ പോകില്ലെന്നും സുധാകരൻ നിലപാട് വ്യക്തമാക്കി.
തന്നെക്കുറിച്ച് വിവിധ വാർത്തകൾ പുറത്തുവരുന്നുവെന്നും താൻ മത്സരിക്കുമെന്ന കാര്യം ആരോടും പറഞ്ഞിട്ടില്ലെന്നും ജി സുധാകരൻ പറഞ്ഞു. ഒരു പ്രതിപക്ഷ പാർട്ടിയുമായും സംസാരിച്ചിട്ടില്ല. യുഡിഎഫ് സ്ഥാനാർത്ഥിയാകുന്നുവെന്നും ആരോടും പറഞ്ഞിട്ടില്ല. എംഎ ബേബി ഇന്നലെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും ഇപ്പോൾ നടക്കുന്നതെല്ലാം വെറും പ്രചാരണങ്ങൾ മാത്രമാണെന്നും ജി സുധാകരൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം മാധ്യമങ്ങളോട് വിശദീകരിച്ച ജി സുധാകരൻ ആരും നിർബന്ധിച്ചിട്ടല്ല താൻ പാർട്ടിയിൽ ചേർന്നതെന്നും കൂട്ടിച്ചേർത്തു. ഹൈസ്കൂൾ കാലത്താണ് പാർട്ടിയിൽ ചേർന്നത്.
മൂന്ന് ആഴ്ച മുൻപ് മെമ്പർഷിപ് പുതുക്കാൻ ആളുവന്നു. പുതുക്കിയില്ല, അത് വാര്‍ത്തയായി, ഒരു ജില്ലാ കമ്മിറ്റി അംഗമാണ് ചോർത്തിയത്. പാർട്ടി ആശയങ്ങളും ആദർശങ്ങളും ഉപേക്ഷിച്ചില്ലെന്ന് പറഞ്ഞ സുധാകരൻ പാര്‍ട്ടി ജീവിതം നയിക്കുന്ന തന്നെ വ്യക്തിഹത്യ ചെയ്തുവെന്നും സുധാകരൻ ആരോപിച്ചു. തന്റെ അച്ഛന് വരെ ചില പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞു. മര്‍ദനങ്ങള്‍ ഏറ്റുവാങ്ങിയാണ് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയത്. സജി ചെറിയാനെതിരെയും ജി സുധാകരൻ വിമര്‍ശനമുന്നയിച്ചു. ഭരണഘടനയെ കുന്തം, കുടചക്രം എന്നൊന്നും താൻ പറയില്ല. യഥാര്‍ത്ഥ പാര്‍ട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും. സ്ഥാനത്ത് എത്രകാലം ഇരുന്നു എന്നല്ല, എന്ത് ചെയ്തു എന്ന് നോക്കണം.



