പ്രമുഖ ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്… താരത്തിന് വിഷം നൽകിയത്..

പ്രശസ്ത അസമീസ് ഗായകനും സംഗീതജ്ഞനുമായ സുബീൻ ഗാർഗിന്റെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത നീങ്ങുന്നില്ല. മാനേജരും പരിപാടിയുടെ സംഘാടകനും ചേർന്ന് സുബീന് വിഷം നൽകിയതാവാം എന്ന് സഹപ്രവർത്തകൻ പോലീസിന് മൊഴി നൽകിയതോടെ കേസിൽ വഴിത്തിരിവായി. നിലവിൽ സുബീൻ ഗാർഗിൻ്റെ മാനേജർ സിദ്ധാർത്ഥ് ശർമ്മയ്ക്കും സംഘാടകൻ ശ്യാംകാനു മഹന്തയ്ക്കും എതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.
ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസാമി പോലീസിന് നൽകിയ മൊഴിയാണ് കേസിൽ നിർണ്ണായകമായത്. സിംഗപ്പൂരിൽ വെച്ച് സുബീൻ്റെ മാനേജരും സംഘാടകനും ചേർന്ന് വിഷം നൽകിയതാവാം എന്നാണ് ഗോസാമി മൊഴി നൽകിയിരിക്കുന്നത്. സുബിൻ്റെ മരണത്തിന് മുൻപുള്ള ദിവസങ്ങളിൽ സിദ്ധാർത്ഥ് ശർമ്മയുടെ പെരുമാറ്റത്തിൽ അസ്വഭാവികത തോന്നിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, സുബീൻ ഗാർഗിന് നീന്തൽ അറിയാമായിരുന്നെന്നും അങ്ങനെയുള്ള സാഹചര്യത്തിൽ വെള്ളത്തിൽ മുങ്ങിമരിക്കാൻ സാധ്യതയില്ലെന്നും ഗോസാമി പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. മരണദിവസം കപ്പൽ യാത്ര ചെയ്ത ബോട്ടിന്റെ നിയന്ത്രണം സിദ്ധാർത്ഥ് നിർബന്ധപൂർവം കൈക്കലാക്കിയെന്നും ഗോസാമി മൊഴി നൽകിയിട്ടുണ്ട്.



