സ്റ്റണ്ട്മാന്റെ ദാരുണാന്ത്യം:കുടുംബത്തിന് ധനസഹായവുമായി ചിമ്പു, മക്കളുടെ പഠനച്ചെലവ് ഏറ്റെടുത്ത് സൂര്യ
ഈയിടെയാണ് പാ രഞ്ജിത് സംവിധാനംചെയ്യുന്ന വേട്ടുവം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാനായ മോഹൻരാജിന് ജീവൻ നഷ്ടപ്പെട്ടത്. സംഭവം സിനിമാ ലോകത്തെയാകെ ഞെട്ടിച്ചിരുന്നു. മോഹൻരാജിന്റെ കുടുംബത്തിന് സഹായവുമായെത്തിയിരിക്കുകയാണ് നടന്മാരായ സൂര്യയും ചിമ്പുവും. ഇരുവരുടേയും ജീവകാരുണ്യ പ്രവർത്തിയെ ഏവരും പ്രശംസിക്കുകയാണിപ്പോൾ.
ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംഘട്ടന സംവിധായകൻ സ്റ്റണ്ട് സിൽവയാണ് മോഹൻരാജിന്റെ കുടുംബത്തിന് താരങ്ങൾ നൽകിയ സഹായത്തെക്കുറിച്ച് പറഞ്ഞത്. താരങ്ങളുടെ ഈ പിന്തുണ സിനിമാരംഗത്ത്, പ്രത്യേകിച്ച് അപകടകരമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന സ്റ്റണ്ട് കലാകാരന്മാർക്കിടയിൽ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്.
“മോഹൻരാജിന് അപകടം സംഭവിച്ചെന്നറിഞ്ഞപ്പോൾ ആദ്യം ഫോൺ ചെയ്തത് നടൻ ആര്യയാണ്. വിജയ് സാർ ഫോൺ ചെയ്ത് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. വിജയ് സാറിന്റെ മിക്ക ചിത്രങ്ങളിലും മോഹൻരാജ് പ്രവർത്തിച്ചിട്ടുണ്ട്. എസ്ടിആർ സാർ ഫോൺ ചെയ്ത് വിവരം തിരക്കി. തൊട്ടടുത്തദിവസം തന്നെ വലിയൊരു സംഖ്യയുടെ ചെക്കുമായി വന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന് കൊടുക്കണം എന്ന് പറഞ്ഞു. മോഹൻരാജിന്റെ കുട്ടികളുടെ പഠനച്ചെലവ് മുഴുവൻ ഏറ്റെടുക്കാമെന്ന് സൂര്യ സാറിന്റെ മാനേജർ അറിയിച്ചിട്ടുണ്ട്.” സിൽവ പറഞ്ഞു.
പാ രഞ്ജിത്ത്-ആര്യ ചിത്രമായ വേട്ടുവത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാജുവിന്റെ ജീവനെടുത്ത അപകടമുണ്ടായത്. സാഹസികമായ കാര്‍ സ്റ്റണ്ട് ചിത്രീകരണമാണ് അപകടത്തില്‍ കലാശിച്ചത്. എസ്‌യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം അപകടത്തില്‍ പെടുകയായിരുന്നു. വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ വാഹനം ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങള്‍ ഓടിയെത്തി കാറില്‍ നിന്ന് രാജുവിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.